കൊച്ചി: ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ ശുദ്ധമായ കുടിവെള്ളം. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ജല അതോറിറ്റിയുടെ ദീർഘകാല പദ്ധതി മിഷൻ -2050 ലക്ഷ്യമിടുന്നതിതാണ്. 2050 ഓടെ മേഖലയിൽ 477.55 എം.എൽ.ഡി ( മില്യൺ ലിറ്റർ പെർ ഡേ ) വെള്ളം വേണ്ടി വരുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ജലവിതരണ പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് എറണാകുളം ജില്ലയിലാണ്. 16.64 ശതമാനം. കൊച്ചിയുടെ കുടിവെള്ള സ്രോതസായ പെരിയാറിന്റെ മലിനീകരണമാണ് ഏറ്റവും വലിയ ഭീഷണി.
# സൂപ്പർ പൾസർ ടെക്നോളജി
ആലുവയിൽ ആധുനിക രീതിയിലുള്ള ജല ശുദ്ധീകരണ പ്ളാന്റും പമ്പ് ഹൗസും സ്ഥാപിക്കുന്നതോടെ 143 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിൽ അധികമെത്തും. കളമശേരി, ഏലൂർ, തൃക്കാക്കര, വരാപ്പുഴ, ചേരാനെല്ലൂർ, എടത്തല,ചൂർണ്ണിക്കര,വൈപ്പിൻ പ്രദേശങ്ങൾക്ക് ഇതിന്റെ ഗുണം കിട്ടും.സൂപ്പർ പൾസർ ടെക്നോളജി പ്ളാന്റിന് ആദ്യഘട്ടമായി 50 കോടി അനുവദിച്ചു. ആലുവയിൽ അതോറിറ്റിയുടെ 15 ഏക്കർ സ്ഥലത്താണ് ജലശുദ്ധീകരണശാല നിർമ്മിക്കുന്നത്. 2022 ൽ ഇത് കമ്മിഷൻ ചെയ്യും.
# ജല അതോറിറ്റിയെ ആശ്രയിക്കുന്ന നഗരവാസികൾ 75 %
ഒരു ദിവസം എത്തിക്കുന്നത് 335 എം.എൽ.ഡി വെള്ളം
വേണ്ടത് 400 എം.എൽ.ഡി
ഓരോ ദിവസവും കുറവ് 12 കോടി ലിറ്റർ വെള്ളം
# നിലവിലെ വിതരണം
മരട് പ്ളാന്റ്: 100 എം.എൽ.ഡി
ആലുവ പ്ളാന്റ് 225 എം.എൽ.ഡി
മുപ്പത്തടം പ്ളാന്റ്: 10 എം.എൽ.ഡി
ആകെ 335 എം.എൽ.ഡി
# മിഷൻ 2050
ആലുവയിൽ വരുന്ന 300 കോടിയുടെ പുതിയ സൂപ്പർ പൾസർ ടെക്നോളജി വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ്
അമൃത് പദ്ധതിയിൽ ആറ് ഓവർഹെഡ് ടാങ്കുകൾ കാലപ്പഴക്കം വന്ന പ്രിമോ പൈപ്പുകൾ മാറ്റും
ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ വാട്ടർ സോണുകൾ
2024 ഓടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ ഗ്രാമീണ മേഖലയിൽ ജലനിധി പദ്ധതി
# വിതരണനഷ്ടം 40 %
പൈപ്പുകളിൽ തുടർച്ചയായി വിള്ളൽ വീഴുന്നതും പൊട്ടുന്നതും വിതരണനഷ്ടമായി മാറും. 40 ശതമാനമാണ് വിതരണനഷ്ടമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കാൻ പഴയ പ്രിമോ പൈപ്പുകളും ആസ്ബറ്റോസ് പൈപ്പുകളും പൂർണമായി മാറും. റോഡ് മുറിച്ച് പൈപ്പിടാനുള്ള അനുമതി വൈകുന്നതും പദ്ധതികൾ മന്ദഗതിയിലാകാൻ കാരണമാകും.