ആലുവ: ഓണാവധിയുടെ മറവിൽ ആലുവ ജനറൽ മാർക്കറ്റിൽ ഒരു വിഭാഗം കച്ചവടക്കാർ അനധികൃതമായി നിർമ്മിച്ച താത്കാലിക ഷെഡുകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലുവ നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാരിലെ ഭിന്നത തീർക്കാൻ ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും. വൈകിട്ട് നാലിന് ചെയർപേഴ്‌സൺ ലിസി എബ്രഹാമിന്റെ ചേമ്പറിലാണ് യോഗം.

യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, മണ്ഡലം പ്രസിഡന്റുമാരായ ഫാസിൽ ഹുസൈൻ, മുഹമ്മദാലി തോട്ടക്കാട്ടുകര എന്നിവരും പങ്കെടുക്കും. കൈയ്യേറ്റം നോട്ടീസ് പോലും നൽകാതെ പൊളിക്കണമെന്ന നിലപാടാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ ഉൾപ്പെടെയുള്ളവരുടേത്. എന്നാൽ കച്ചവടക്കാരുമായി ചർച്ച നടത്തണമെന്നാണ് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.എം. മൂസാക്കുട്ടി ഉൾപ്പെടെയുള്ളവർക്ക്. ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് മൂസാക്കുട്ടി. നഗരസഭയുടെ താത്പര്യമല്ല, കച്ചവടക്കാരുടെ താത്പര്യമാണ് മൂസാക്കുട്ടി സംരക്ഷിക്കുന്നതെന്ന് ഒരു കോൺഗ്രസ് കൗൺസിലർ 'കേരളകൗമുദി'യോട് പറഞ്ഞു.

നഗരസഭ ചെയർപേഴ്‌സനും സെക്രട്ടറിയും കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിൽ വ്യത്യസ്ഥ നിലപാടിലാണ്.

ഒരു വർഷത്തിന് ശേഷമാണ് പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്.