കോലഞ്ചേരി: കൊട്ടും,കുരവയുമില്ല, കല്ല്യാണമേളങ്ങളും ഓഡിറ്റോറിയങ്ങൾ കാലിയായിട്ട് മാസം ആറു കഴിഞ്ഞു. കല്ല്യാണങ്ങൾക്കുള്ള നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുമ്പോഴും കൊവിഡ് ഭീതിയിൽ ഓഡിറ്റോറിയങ്ങളിലെ കല്ല്യാണങ്ങൾ പാടേ ഉപേക്ഷിക്കുകയാണ് . ആയിരം പേരെയെങ്കിലും ക്ഷണിക്കാതെ മുമ്പ് മലയാളികൾക്ക് കല്ല്യാണമില്ലായിരുന്നു. ആഘോഷം വലുതാവുമ്പോൾ പലരും ഓഡി​റ്റോറിയങ്ങളെയാണ് ആശ്രയിച്ചിരുന്നതും. അതിഥികളുടെ എണ്ണം അമ്പതിലേക്ക് ചുരുങ്ങിയപ്പോൾ വീണ്ടും വീടുകളിൽ കല്ല്യാണപ്പന്തലുകൾ ഉയർന്നു. ഓഡി​റ്റോറിയം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയാണ് ഈ മാ​റ്റം ഏ​റ്റവും അധികം ബാധിച്ചത്.

ലോക്ക് ഡൗണിൽ പൂട്ടിയ ഓഡി​റ്റോറിയങ്ങൾ ആറു മാസമായി അടഞ്ഞു തന്നെ കിടക്കുകയാണ്. ഓഡി​റ്റോറിയം ശുചീകരണത്തൊഴിലാളികൾ മുതൽ നടത്തിപ്പുകാർ വരെ ഒട്ടേറെപ്പേർക്ക് ജോലിയില്ലാതായി. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കീഴിലുള്ള ഓഡി​റ്റോറിയങ്ങളെ കൂടാതെ നൂറിലധികം ഓഡിറ്റോറിയങ്ങളാണ് ജില്ലയിലുള്ളത്. പലതും ലക്ഷങ്ങൾ വായ്പയെടുത്ത് പണിതവയാണ്. സീസൺ സമയത്ത് മാസത്തിൽ ഇരുപതിൽ കൂടുതൽ വിവാഹങ്ങൾ നടന്നിരുന്നു. വരുമാനമില്ലാതായതോടെ ബാങ്ക് വായ്പയും നികുതിയും വൈദ്യുതി ബില്ലും അടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഉടമകൾ.

ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളിൽ ഭീമമായ സംഖ്യയാണ് അടയ്‌ക്കേണ്ടത്. ജീവനക്കാരുടെ ശമ്പളവും മുടങ്ങാതെ നോക്കണം. ഇളവുകൾ വന്നു തുടങ്ങിയെങ്കിലും ആളുകൂടുന്ന വിവാഹങ്ങളോ മ​റ്റു പരിപാടികളോ ഉടനെയൊന്നുമുണ്ടാകാൻ സാദ്ധ്യതയില്ല. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാർ, അലങ്കാരപ്പണി ചെയ്യുന്നവർ,ക്ഷണക്കത്ത് അടിക്കുന്നവർ, ബ്യൂട്ടീഷ്യൻ, ലൈ​റ്റ്‌സ് ആൻഡ് സൗണ്ട്‌സ്, കാ​റ്ററിംഗ്, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ,സെക്യൂരിറ്റി, സ്റ്റേജ് ഡെക്കറേറ്റേഴ്സ് പന്തലു പണിക്കാർ തുടങ്ങി നിരവധി പേർ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഓഡി​റ്റോറിയങ്ങൾ പൂട്ടിയതോടെ പലരും മ​റ്റു തൊഴിൽ തേടാൻ നിർബന്ധിതരായി.

കാ​റ്ററിംഗ് മേഖലയ്ക്കും തിരിച്ചടി

ഓഡി​റ്റോറിയങ്ങളിൽ ഇവന്റ്മാനേജ്‌മെന്റുകാരാണ് അലങ്കാരപ്പണി മുതൽ സദ്യ വരെയുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നത്. വിവാഹങ്ങൾക്ക് ആളില്ലാതായതോടെ ഇവർക്ക് ജോലി നഷ്ടപ്പെട്ടു. 1000 പേർക്ക് സദ്യ ഒരുക്കിയിരുന്ന സ്ഥാനത്ത് 50 പേർക്ക് ഒരുക്കേണ്ടി വരുന്നത് കാ​റ്ററിംകാർക്കും നഷ്ടമാണ് വരുത്തുന്നത്. ലോക്ക് ഡൗൺകാലത്ത് മാ​റ്റിവെച്ച വിവാഹങ്ങൾ പിന്നീട് നടന്നത് ഫോട്ടോഗ്രാറിംഗുമാർക്കും ബ്യൂട്ടീഷ്യൻമാർക്കും ചെറിയ ആശ്വാസമേകി. 21 മുതൽ വിവാഹ പരിപാടികൾക്ക് 100 പേർ വരെ പങ്കെടുക്കാമെന്നതും ആശ്വാസത്തിനു വക നൽകുന്നു.