കോലഞ്ചേരി: ഓൺലൈൻ ക്ളാസിനായി സ്കൂളിലെത്തിയ 32 കാരിയായ സി.ബി.എസ്.ഇ സ്‌കൂൾ വൈസ് പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കോലഞ്ചേരിക്കടുത്തെ ഒരു സ്കൂളിൽ നാലുദിവസം മുമ്പ് ഓൺലൈൻ ക്ലാസിനായി എത്തിയ ഇവർ ഓഫീസിൽ സ്ഥാനം രാജിവച്ച കത്തും സ്‌കൂളുമായി ബന്ധപ്പെട്ട വിശദമായ കണക്കുകളും മറ്റ് രേഖകളും എടുത്തുവച്ച ശേഷം വിശദമായ കത്തെഴുതി വച്ചാണ് പോയത്. ഇവരുടെ ഇരുചക്ര വാഹനവും സ്‌കൂളിലുണ്ട്.
വീട്ടുകാരോടോ ഭർത്താവിനോടോ എവിടെ പോകുന്നു എന്നതു സംബന്ധിച്ച് സൂചനയൊന്നും നൽകിയിട്ടില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭർത്താവ്. കുട്ടികളില്ല. വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഓഫീസിൽ നിന്ന് കത്തും സ്‌കൂളിൽ വാഹനവും കണ്ടെത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. സ്‌കൂളിൽ ജോലിക്കായി നൽകിയ തുക അമ്മയ്ക്ക് നൽകണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം ഗാർഹിക പീഡനമാണ് മകളെ കാണാതായതിന് പിന്നിലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ രാമമംഗലം പൊലീസിൽ പരാതി നൽകി. അതിനിടെ യുവതി ബംഗളൂരുവിൽ ഭർത്താവിന്റെ അടുത്ത ബന്ധുവിനൊപ്പമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചു. പൊലീസ് സംഘം ഇന്ന് ബംഗളൂരുവിലേയ്ക്ക് തിരിക്കും.