കിഴക്കമ്പലം: മദ്യ ലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഭർത്താവ് മോറക്കാല പിണർമുണ്ട പാപ്പാരിൽ അജി വർഗീസിനെ (39) അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ബിനിയ്ക്ക് തലയ്ക്കേറ്റ പരിക്കേറ്റ് ഭാര്യ ഗുരുതരാവസ്ഥയിലാണ്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ഒരു വർഷം മുമ്പാണ് ഇവർ പിണർമുണ്ടയിൽ റേഷൻ കടയ്ക്ക് സമീപം വാടകക്കാരായി എത്തിയത്. ഡ്രൈവറായ അജി നിത്യവും മദ്യ ലഹരിയിൽ വീട്ടിലെത്തി അക്രമം പതിവാണ്. അതുകൊണ്ടു തന്നെ നാട്ടുകാർക്ക് വീടുമായി വലിയ ബന്ധമില്ല. പതിവു പോലുള്ള ബഹളമാണെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ നിൽക്കാതെ വന്നതോടെയാണ് നാട്ടുകാർ വീട്ടിലെക്കെത്തിയത്. എന്നാൽ, അവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും ഇയാൾ ശ്രമിച്ചു. ബലം പ്രയോഗിച്ച് വീടിനുള്ളിൽ കയറിയ നാട്ടുകാർ രക്തത്തിൽ കുളിച്ച ബിനിയെ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്നിലാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഭർത്താവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അമ്പലമേട് സി.ഐ ലാൽസിബേബി, എസ്.ഐ ഷബാബ് കാസിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.