പറവൂർ: കളമശ്ശേരി അപ്പോളൊ ടയേഴ്സ് പറവൂർ നഗരസഭ അംബേദ്കർ പാർക്കിലേക്ക് ടയറുകളിൽ നിർമിച്ച വിവിധയിനം കളിയുപകരണങ്ങൾ നൽകി. അഞ്ചു മുതൽ പന്ത്രണ്ടു വരെ വയസ്സുവരെയുള്ള കുട്ടികൾക്ക് കളിക്കാവുന്ന ഉപകരണങ്ങളാണ് കമ്പനി പൊതുനന്മ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകിയിരിക്കുന്നത് .അഡ്വവെഞ്ചർ ബ്രിഡ്ജ്, അഡ്വവെൻചർ ക്ലൈമ്പർ, സീ - സ്വിവിംഗ്, മെറിഗൊ സൈഡ് എന്നിവ കൂടാതെ ടയർ കൊണ്ടു തന്നെ നിർമ്മിച്ച അമ്പത് എടുത്തു മാറ്റാവുന്ന ഇരിപ്പിടങ്ങൾ എന്നിവ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. മുൻ നഗരസഭ ചെയർമാനും അപ്പോളൊ ടയേഴ്സ് ജീവനക്കാരനുമായ രമേഷ് ഡി. കുറുപ്പിന്റെ അഭ്യർത്ഥന പ്രകാരം 150 ഓളം ഉപയോഗശൂന്യമായ ടയറുകൾ ഉപയോഗിച്ച് കളി ഉപകരണങ്ങൾ നിർമ്മിച്ചത്. നഗരസഭയുടെ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ എന്ന പദ്ധതിയുടെ പ്രോത്സാഹനമായി 10,000 തുണി സഞ്ചികൾ നേരത്തെ കമ്പനി സ്പോൺസർ ചെയ്തിരുന്നു. കളി ഉപകരണങ്ങൾ നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ജെസി രാജു, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ,വി.എ. പ്രഭാവതി, അജിത ഗോപാലൻ, കെ. സുധാകരൻ പിള്ള, രാജേഷ് പുക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.