swapna

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് ചോർത്തിയത് അന്വേഷണസംഘത്തിലുള്ള കസ്‌റ്റംസ് സൂപ്രണ്ടാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) കണ്ടെത്തി. മൊഴിയുടെ പകർപ്പ് മൊബൈലിൽ ചിത്രീകരിച്ചശേഷം സൂപ്രണ്ട് ബ്ളൂടുത്തുവഴി ഭാര്യയുടെ മൊബൈലിലേക്ക് അയച്ചു. അവിടെനിന്നാണ് മറ്റ് പലർക്കും അയച്ചതെന്നും വ്യക്തമായി.

മാദ്ധ്യമ പ്രവർത്തകൻ അനിൽനമ്പ്യാരെക്കുറിച്ച് സ്വപ്‌ന നൽകിയ മൊഴിയാണ് പുറത്തായത്.

ഇത് വിവാദമായതോടെ കസ്‌റ്റംസ് അസി.കമ്മിഷണർ എൻ.എസ്. ദേവിനെ അന്വേഷണസംഘത്തിൽനിന്ന് ഒഴിവാക്കി. എന്നാൽ കുറ്റം ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ദേവ് ആവശ്യപ്പെട്ടു. അതോടെ കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഐ.ബിയുടെ സഹായം തേടുകയായിരുന്നു. ഐ.ബിയുടെ റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറി. സൂപ്രണ്ടിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കമ്മിഷണർ ആശയവിനിമയം നടത്തുകയാണ്. കടുത്ത നടപടിക്കാണ് സാദ്ധ്യത.

അനിൽനമ്പ്യാരെ ചോദ്യംചെയ്യാൻ കസ്‌റ്റംസ് വിളിപ്പിച്ചതിന് ഒരു ദിവസം മുമ്പേ സ്വപ്‌നയുടെ മൊഴി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. അനിലിനെക്കുറിച്ച് പറയുന്ന ഭാഗം മാത്രമെടുത്തായിരുന്നു പ്രചാരണം. കുറ്റക്കാരനായ ഉദ്യോഗസ്ഥൻ ഇടതുപാർട്ടികളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്.