ആലുവ: ആലുവയിലെ പ്രമുഖ നൂൽ കമ്പനിയായ ജി.ടി.എൻ ടെക്സ്റ്റൈയ്ൽസ് സ്ഥലം വില്ക്കുന്നതിന് തൊഴിലാളി യൂണിയനുകൾ സമ്മതമറിയിച്ചതായി നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച അടിസ്ഥാനഹിതമായ പ്രചരണം നടത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ 22ന് കമ്പനി മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടന്നിരുന്നു. ചർച്ചയിൽ സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് യാതൊരു ധാരണയും ഉണ്ടായിട്ടില്ല. നാളെ നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങളിൽമേൽ മറുപടി ലഭിച്ച ശേഷമെ സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് യൂണിയനുകൾ നിലപാട് വ്യക്തമാക്കൂ. സ്ഥാപനം നല്ല നിലയിൽ മുന്നോട്ട് പോകണമെന്നാണ് മാനേജ്‌മെന്റും തൊഴിലാളികളും ആഗ്രഹിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സ്വതന്ത്ര യൂണിയൻ, സി.ഐ.ടി.യു, ബി.എം.എസ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.