ആലുവ: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥലംമാറ്റം നടപ്പാക്കാത്തതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ 16 മാസമായിട്ടും ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്കെതിരെ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കൂട്ടായ്മയായ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ നാളെ (തി​ങ്കൾ)പ്രതിഷേധദിനമായി ആചരിക്കും.

സംഘടനയുടെ ജില്ലാ, സംസ്ഥാന ഭാരവാഹികളും അനുഭാവികളും നാളെ ഓഫീസ് ജോലിയെ ബാധി​ക്കാതെ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. ഓൺലൈൻ സ്ഥലംമാറ്റം സംബന്ധിച്ച 2017 ലെ 3/2017 സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേരള വിദ്യാഭ്യാസവകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ നൽകിയ ഹർജിയിൽ 2019 മെയിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽമേൽ ആറുമാസമായിട്ടും നടപടി സ്വീകരിച്ചില്ല. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് 2020 മുതൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

എന്നാൽ തീരുമാനത്തിൽ നിന്ന് വിഭിന്നമായി അർഹരായവർക്ക് സ്ഥലംമാറ്റം നൽകാതെ തുടർച്ചയായി ആറ് പ്രൊമോഷൻ ഉത്തരവുകളാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും ഇതുവരെ ഇറക്കിയതെന്ന് ജീവനക്കാർ ആരോപി​ക്കുന്നു.