പെരുമ്പാവൂർ: അദ്ധ്യാപനത്തോടൊപ്പം സാമൂഹ്യസാംസ്കാരിക രാഷ്ട്രീയരംഗത്തുമെല്ലാം സജീവസാന്നിദ്ധ്യമായ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ പി കെ സിന്ധു ടീച്ചർക്ക് ഇത്തവണത്തെ ശ്രേഷ്ഠാചാര്യ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒക്കൽ നിവാസികൾ. ഇന്നലെ ബെന്നി ബെഹനാൻ എം.പിയിൽ നിന്നും ടീച്ചർ അവാർഡ് ഏറ്റുവാങ്ങി. സാമൂഹ്യജീവകാരുണ്യരംഗത്തും അദ്ധ്യാപനരംഗത്തും പൊതുരംഗത്തുമുളള മികവും വിദ്യാലയത്തിന്റെയും നാടിന്റെയും നന്മ മുൻനിർത്തി നടപ്പാക്കിയ കർമ്മപദ്ധതികൾ പരിഗണിച്ചാണ് അവാർഡ്. കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുളള വായനാപൂർണിമ എറണാകുളം ജില്ലാ സമിതിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് ടേമായി ഒക്കൽ ഗ്രാമപഞ്ചായത്തംഗമായ ടീച്ചർ 2010 മുതൽ 2015 വരെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സണും 2015 മുതൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സണുമാണ്. പഞ്ചായത്തിലെ സർവോൻന്മുഖമായ വികസനക്ഷേമപ്രവർത്തനങ്ങളിലും മികച്ച അദ്ധ്യാപിക എന്ന നിലയിലുളള പ്രവർത്തനവുമാണ് ടീച്ചറെ ശ്രേഷ്ഠാചാര്യ അവാർഡിന് അർഹയാക്കിയത്. ബി എസ് സി, ബി എഡ് ബിരുദധാരിയായ ടീ്ച്ചർ 1996 ലാണ് ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും ബ്‌ളോക്ക് ജനറൽ സെക്രട്ടറിയായ ടീച്ചർ എസ്.എൻ. ഡി.പി വനിതാസംഘത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പത്ത് വർഷത്തോളം പ്രവർത്തിച്ചു. ഇപ്പോൾ എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി അംഗമാണ്. എളങ്കുന്നപ്പുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ പി വി കുഞ്ഞപ്പന്റെയും ചന്ദ്രികയുടെയും മൂത്തമകളാണ്. ഒക്കൽ എസ് എൻ സ്കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന വി.ബി. ശശിയാണ് ഭർത്താവ്. സേതുലക്ഷ്മി, ശ്രീലക്ഷ്മി എന്നിവർ മക്കൾ.