harith-sena
പൂതൃക്കയിലെ സ്ത്രീ ശക്തിയുടെ ഹരിത സേനയെ പഞ്ചായത്ത് ആദരിക്കുന്നു

കോലഞ്ചേരി: പൂതൃക്കയിലെ സ്ത്രീ ശക്തിയുടെ ഹരിത സേനയെ പഞ്ചായത്ത് ആദരിച്ചു. 9 സ്ത്രീകളുടെ ചെറിയ സംഘം ഒരു പഞ്ചായത്തിലെ മുഴുവൻ മാലിന്യവും കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തമായ ടീമായി മാറിയതിന്റെ ഉദാഹരണമാണ് പൂതൃക്കയിലെ ഹരിതകർമസേന. പ്ലാസ്​റ്റിക്കും,ജൈവ മാലിന്യവുമുൾപ്പടെ അശാസ്ത്രീയമായി കുഴിച്ചുമൂടിയിരുന്ന ഇവിടെ ജൈവ മാലിന്യം വീട്ടിൽ തന്നെ സംസ്‌കരിക്കാനും പ്ലാസ്​റ്റിക് ശേഖരിച്ച് റിക്കവറി സെന്ററിലെത്തിച്ച് പൊടിച്ച് ക്ലീൻ കേരള കമ്പനിക്കും പഞ്ചായത്തിലെ തന്നെ റോഡ് ടാറിങ്ങിന് ഉപയോഗിക്കാനും സാധിച്ചു.ആറു മാസത്തിലൊരിക്കൽ ഇ വേസ്​റ്റും കുപ്പിച്ചില്ല് ഉൾപ്പടെയുള്ളവയും ശേഖരിച്ച് കയ​റ്റി അയക്കാനും സംവിധാനമുണ്ടാക്കി. വീടുകൾ തോറും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ഒട്ടേറെ വീടുകളിൽ ജൈവ സംസ്‌കരണ പ്ലാന്റും ബയോബിന്നുകൾ നൽകുകയും ചെയ്തു. ഭാവിയിൽ വീടുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ മേൽനോട്ടം ഏ​റ്റെടുക്കാൻ സന്നദ്ധമാവുകയാണ് ഈ കർമ്മ സേന. പ്രാഥമിക ഘട്ടം പൂർത്തിയാക്കിയതിന് പഞ്ചായത്തിന് സമ്പൂർണ ശുചിത്വ പദവിയും ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ പോൾ വെട്ടിക്കാടൻ,ജോൺ ജോസഫ്, ഡോളി സാജു,നീമ ജിജോ, എൻ.എം. കുര്യാക്കോസ്,ഗീത ശശി,ഷൈബി ബെന്നി, പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, കർമ്മസേന ചുമതലക്കാരായ അംബിക ഗോപിനാഥ്,ആലീസ് ബെന്നി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.