കൊച്ചി: നോർത്ത് ഗോവയ്ക്ക് സമീപം പെർണേമിനടുത്തുള്ള തുരങ്ക ചുമരുകൾ ഇടിഞ്ഞുവീണതിനെ തുടർന്ന് അറ്റകുറ്റപണികൾ നടക്കുന്ന കൊങ്കൺ പാതയിൽ ഗതാഗത നിയന്ത്രണം മൂന്നാം തവണയും നീട്ടി. ഈ മാസം 10 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് ജോലികൾ പൂർത്തിയാവാത്തതിനെ തുടർന്ന് വീണ്ടും നീട്ടിയത്. തിരുവനന്തപുരം -ലോക്മാന്യതിലക് പ്രതിദിന സ്‌പെഷ്യൽ (06346), റിട്ടേൺ സർവീസ് (06345) എന്നിവ 15 വരെ റദ്ദാക്കി. ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന തിരുവനന്തപുരം -ന്യൂഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് (02431) 15,17 തീയതികളിലെയും ന്യൂഡൽഹി -തിരുവനന്തപുരം രാജധാനിയുടെ (02432) 13, 15 തീയതികളിലെയും സർവീസുകളും റദ്ദാക്കി. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (02617, 02618) 15 വരെ മഡ്ഗാവ്, പൂനെ വഴി സർവീസ് നടത്തും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ (02284) 12നും എറണാകുളം-നിസാമുദ്ദീൻ തുരന്തോ (02283) 15നും പൂനെ, ഗുണ്ടക്കൽ, ജോലാർപേട്ട വഴി സർവീസ് നടത്തും.