pathalam
പാതാളത്തെ ഗുഹാമുഖം

കളമശേരി: പുരാണങ്ങളി​ലെ പാതാളം സങ്കല്പരാജ്യമായി​രി​ക്കാം. പക്ഷേ ഏലൂരി​ലുണ്ട് ഒരു പാതാളം. പാതാളത്തി​ലേക്കുള്ള പ്രവേശനമാർഗമെന്ന പേരി​ൽ ഗുഹകളും. പക്ഷേ കൗതുകകരമായ ഈ പാതാള ഗുഹ ഇപ്പോൾ മറവി​യുടെ ഗർഭത്തി​ലാണ്.കെ.എസ്.ഇ.ബി​യുടെ കടുങ്ങല്ലൂർ സബ് സ്റ്റേഷൻ വളപ്പി​ലെ ഗുഹാമുഖം പതി​​റ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിച്ച് കരിങ്കല്ല് കെട്ടി മൂടി​. ഇതേപ്പറ്റി​ പഠി​ക്കാൻ ആരും മി​നക്കെട്ടി​ട്ടി​ല്ലെന്നതാണ് കഷ്ടം.ഒറ്റ ഗുഹാമുഖത്തിലൂടെ അകത്തേക്കു പ്രവേശിച്ചാൽ വളവുകളും തിരിവുകളുമുണ്ടെന്നും ഉള്ളിൽ​ ഏഴ് ഗുഹകളുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടത്ത് പെരിയാറിന്റെ തീരത്താണ് ഗുഹ. പാതാളമെ സ്ഥലമാകട്ടെ ഏലൂർ നഗരസഭയിലും. പെരിയാറിന്റെ ഇരുകരകളി​ലാണ് രണ്ടി​ടവും.

കാടുമൂടി കിടക്കുന്നതിനാൽ കരയിൽ നിന്നു നോക്കിയാൽ ഒന്നും കാണാൻ സാധ്യമല്ല. ഗുഹയ്ക്ക് മുകളിൽ ഇപ്പോൾ കെ.എസ്.ഇ.ബി​ സോളാർ പാനൽ പാടമാണ്.

ഗുഹകൾ അടച്ചു കെട്ടുമ്പോൾ, ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട് പ്രതിഷേധവുമായി പ്രദേശവാസികളായ വി.കെ.ബാലകൃഷ്ണൻ, മുഹമ്മദാലി അറ്റക്കാട്ട്, ജഹാംഗീർ, വി.ചന്ദ്രൻ ,മോഹനൻ തുടങ്ങിയവർ രംഗത്തു വന്നെങ്കിലും അന്നവർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

1969ൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഈ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതും യാർഡാക്കി മാറ്റുന്നതും . പള്ളുരുത്തിയിലെ ജിയോനാവാല ബിന്നി കമ്പനിയിൽ നിന്നുമാണ് ബാർജിലൂടെ ടണലുകൾ എത്തിച്ച് കൂറ്റൻ ക്രയിനുകൾ ഉപയോഗിച്ച് ഇറക്കിയിരുന്നത്. അന്ന് നി​ർമ്മി​ച്ച പ്ളിന്ത് പ്ലാറ്റ്ഫോം ഗുഹയ്ക്കു മുകൾവശത്തായി​ ഇപ്പോഴുമുണ്ട്.

മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിന്റെ ആറാട്ടുകടവും ഗുഹാമുഖത്തിനടുത്താണ്. പുഴയ്ക്ക് എതിരെയുള്ളത് ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആറാട്ടുകടവുമാണ്. കടവിനും ഗുഹാമുഖത്തിനു സമീപവുമുണ്ടായി​രുന്ന ചായക്കടയും വീടുകളും സർക്കാർ സ്ഥലമെടുത്തപ്പോൾ ഒഴിപ്പിച്ചു.

വേങ്ങും വീട്ടിൽ ബാലകൃഷ്ണൻ, വി.ബേബി, കുന്നംപറമ്പത്ത് പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ ഗുഹയുടെ 50 മീറ്ററോളം ഉള്ളി​ൽ പണ്ട് കടന്നി​ട്ടുള്ളവരാണ്. ഗുഹകൾ വരും തലമുറക്ക് കേട്ടുകേൾവി മാത്രമായി മാറാതിരിക്കാൻ സർക്കാർ ഇടപെടലാണ് അത്യാവശ്യം.

മഹാബലി​യുടെ പാതാളമാണോ

മഹാബലി തമ്പുരാനുo ഏലൂരിലെ പാതാളവും തമ്മിൽ ബന്ധി​പ്പി​ക്കുന്ന ലി​ഖി​തങ്ങളൊന്നുമില്ല. തൃശൂർ ചിമ്മിനി ഡാമിനടുത്ത പാതാളക്കുണ്ട് എന്ന സ്ഥലമുണ്ട്. ഉത്തരാഖണ്ഡിലെ പിത്തോ രാഘാർ ജില്ലയിലെ ഗംഗോലി ഹട്ടിലും പാതാളമുണ്ട്.

കേരള ചരിത്ര സംബന്ധി​യായ കൃതി​കളി​ൽ പാതാളത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. തൊട്ടടുത്ത ഏലൂർ, മഞ്ഞുമ്മൽ, വരാപ്പുഴ കടുങ്ങല്ലൂർ പ്രദേശങ്ങളെക്കുറിച്ചെല്ലാം വിവരിച്ചിട്ടുമുണ്ട്.