കൊച്ചി : പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ദുരഭിമാനം ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു. 2019 മേയ് ഒന്നിനാണ് പാലാരിവട്ടം ഫ്ളൈഒാവർ അടച്ചത്. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ തുറക്കുമ്പോൾ പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് സർക്കാർ തന്നെ പറയുന്നു. ഇൗ സാഹചര്യത്തിൽ അനാവശ്യ പിടിവാശി കാണിക്കാതെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജനങ്ങളുടെ ബുദ്ധിമുട്ടും ദുരിതവും മനസിലാക്കി പാലം തുറന്നുകൊടുക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കെ. ബാബു വ്യക്തമാക്കി.

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഭാരപരിശോധന നടത്താനാണ് ഹൈക്കോടതി 2019 നവംബർ 21നും ഡിസംബർ 20നും വ്യക്തമാക്കിയത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതാണ് കാലതാമസത്തിന് കാരണം. പാലാരിവട്ടം പാലം ദേശീയപാത അതോറിറ്റി നിർമ്മിക്കുന്നതിനുപകരം സർക്കാർ നിർമ്മിച്ചത് തെറ്റാണെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതേ സർക്കാർ കുണ്ടന്നൂരിലും വൈറ്റിലയിലും പാലം നിർമ്മിച്ചതിൽ മേനിനടിക്കുന്നത് പരിഹാസ്യമാണെന്നും കെ. ബാബു പറഞ്ഞു.