കൊച്ചി : മുഖ്യമന്ത്രിയുടെ വിദേശസന്ദർശനങ്ങളിലെല്ലാം ദുരൂഹതകളുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അമേരിക്ക സന്ദർശിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ അനുവാദത്തിനുവേണ്ടി കൊടുത്ത അപേക്ഷയിൽ ഫൊക്കാനയുടെ പരിപാടിയിൽ പങ്കെടുക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ സമയം നീട്ടി ചോദിച്ചപ്പോൾ പോലും അത് ആവർത്തിച്ചു. കേരളത്തിൽനിന്ന് ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം ഒരു സ്ഥലത്തും രേഖപ്പെടുത്തിയിട്ടില്ല. അതിനെക്കുറിച്ചുകൂടി കൃത്യമായ വിശദീകരണം ആവശ്യമുണ്ടെന്നും രമേശ് പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു.

രേണു സുരേഷ്, എം.എ. ബ്രഹ്മരാജ് , അഡ്വ. കെ.എസ്. ഷൈജു, എം. ആശിഷ് , സി.വി. സജിനി, സ്മിത മേനോൻ, സരോജം സുരേന്ദ്രൻ, വി.എസ്. സത്യൻ, രമാദേവീ തോട്ടുങ്കൽ, ഇ .ടി. നടരാജൻ, പത്മജ എസ്. മേനോൻ, എം.എൻ. ഗോപി, എസ്. സജി, സി.വി. സജിനി, അഡ്വ. രമാദേവി എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.