കൊച്ചി: ആണവായുധ നശീകരണം സംബന്ധിച്ച് റോട്ടറി കൊച്ചിൻ മിഡ് ടൗൺ നടത്തിയ വെബിനാറിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാധാനത്തിനുള്ള നോബൽ സമ്മാന പുരസ്‌കാര ജേതാവായ ഡോ. ഇറാ ഹെൽഫണ്ട് മുഖ്യപ്രഭാഷണം നടത്തി. ആണവായുധങ്ങൾ എല്ലാ രാജ്യങ്ങളുടെയും കൈകളിലുണ്ടെങ്കിലും 75 വർഷമായി ഉപയോഗിച്ചിട്ടില്ലെന്നത് മനുഷ്യരാശിയുടെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും ആണവായുധ നശീകരണം എന്ന ലക്ഷ്യത്തിലേക്കു എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു.വാണ്ട പ്രോസ്‌കോവ, സിസിലി വില്യംസ്, ബംഗളുരുവിൽ നിന്നുള്ള ഡോ. സൗരത് രാജു എന്നിവർ വിഷയാവതരണം നടത്തി. ലോകത്തിലെ പട്ടിണിയും ജനങ്ങളുടെ മറ്റു ദുരിതങ്ങളും പ്രയാസങ്ങളും നീക്കുന്നതിന് ആണവായുധങ്ങളുടെ പരിപാലനത്തിന് വേണ്ട ചെലവ് ഉപയോഗിക്കണം.മിഡ്‌ലാൻഡ് റോട്ടറി ക്ലബ് ഒഫ് യു.എസ്.എ, പാകിസ്താനിലെ റോട്ടറി ക്ലബ് ഒഫ് കറാച്ചി ഹാർബർ എന്നിവയുടെ സഹകരണത്തോടെ കൊച്ചിൻ മിഡ് ടൗൺ റോട്ടറി ക്ലബ്ബാണ് വെബിനാറിനു ആതിഥേയത്വം വഹിച്ചത്. വടക്കേ അമേരിക്ക, സൗത്ത് ഏഷ്യ, ആസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രതിനിധികളായ 150 ലേറെപ്പേർ പങ്കെടുത്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ, മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തക ആശ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ളബ് പ്രസിഡന്റ് ശ്രീപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.