കൊച്ചി: സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായ നിലപാട് സർക്കാരിന് കൂടി പങ്കാളിത്തമുള്ള കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ സ്വീകരിച്ചതോടെ പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണം വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഫ്ളൈഓവറിൽ ഭാരശേഷിപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീലിലാണ് എതിർനിലപാട് കിറ്റ്കോ സ്വീകരിച്ചത്. അപ്പീൽ രണ്ടാഴ്ചകഴിഞ്ഞ് പരിഗണിക്കും.

നിർമ്മാണത്തിലെ അപാകതകൾ മൂലം ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായ ദേശീയപാതയിലെ പാലാരിവട്ടം ഫ്ളൈഓവർ 2019 മേയ് ഒന്നിന് അടച്ചുപൂട്ടിയിരുന്നു. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധരുടെ നിർദേശപ്രകാരം ബലം വർദ്ധിപ്പിക്കുന്നതിന് നിർമ്മാണങ്ങൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല. നിർമ്മാണത്തിലെ ക്രമക്കേട് പുറത്തായതോടെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അതിനിടെയാണ് കരാറുകാരുടെയും എൻജിനിയർമാരുടെയും സംഘടനകൾ നൽകിയ ഹർജിയിൽ പാലത്തിൽ ഭാരശേഷിപരീക്ഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഐ.ഐ.ടി വിദഗ്ദ്ധസമിതിയും ഡൽഹി മെട്രോറെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും നിർദേശിച്ച പ്രകാരം ബലപ്പെടുത്തൽ ജോലികൾ നടത്താൻ അനുമതി തേടിയും ഭാരപരിശോധനക്ക് എതിരെയുമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിലാണ് ഫ്ളൈഓവർ നിർമ്മാണത്തിന്റെ കൺസൾട്ടന്റുമാരായ കിറ്റ്കോ നിലപാട് അറിയിച്ചത്.

# കിറ്റ്കോ പറയുന്നു

ഭാരശേഷിപരിശോധിക്കാതെ പാലം പുനർനിർമ്മാണം നടത്താനുള്ള സർക്കാർ നീക്കം സംശയകരമാണ്

ഹൈക്കോടതി അനുവദിക്കാത്ത ആവശ്യങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്

ഭാരശേഷി പരിശോധിക്കാതെ നിർമ്മാണം നടത്താനാണ് ശ്രമം

ഫ്ളൈഓവർ പൊളിച്ചാൽ ഭാരപരിശോധന നടത്താൻ കഴിയില്ല

ഭാരശേഷി പരിശോധിച്ചിരുന്നെങ്കിൽ ഫെബ്രുവരിയിൽതന്നെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു

സുപ്രീംകോടതിയിലുൾപ്പെടെ അപ്പീൽ നൽകി നടപടികൾ നീട്ടിക്കൊണ്ടുപോയി

ഇപ്പോൾ ധൃതികാട്ടുന്നത് അനാവശ്യമാണ്

പുതിയ ആവശ്യങ്ങൾ ദുരുദേശപരമാണ്

ആറുമാസം കഴിഞ്ഞുള്ള ആവശ്യം ഉത്തമബോദ്ധ്യത്തിലല്ല

# ഭാരശേഷി പരിശോധന

റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിലെ അന്തിമവാക്കായ ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശമാണ് ഭാരശേഷി പരിശോധന. പാലം, റോഡ് എന്നിവയുടെ നിർമ്മാണം പൂർത്തിയായാൽ എത്ര ഭാരം വഹിക്കാൻ കഴിയുമെന്നാണ് പരിശോധിക്കുക. പാലത്തിന്റെ നിശ്ചിതസ്ഥലങ്ങളിൽ വഹിക്കേണ്ട ഭാരമോ അതിലധികമോ വച്ച് യന്ത്രങ്ങളുടെ സഹായത്തോടെ ബലം പരിശോധിക്കും. തൂണുകൾ, പിയർ ക്യാപ്പുകൾ, ഗർഡർ എന്നിവയുടെ ബലം പരിശോധിക്കും. ഭാരം വഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിയാൽ തുറന്നുകൊടുക്കും.

നിർമ്മാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകൾ ഈമാസം തന്നെ തുറന്നുകൊടുക്കും. ഇതോടെ ദേശീയപാതയിൽ തിരക്ക് വർദ്ധിക്കും. പാലാരിവട്ടം ഫ്ളൈഓവർ തുറക്കാത്തതിനാൽ അവിടെ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടും. ഇത് ഒഴിവാക്കാൻ പാലത്തിന്റെ ബലം വർദ്ധിപ്പിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

# പ്രധാന തകരാറുകൾ

1, 2, 3, 7, 10, 12 തൂണുകളിലെ പിയർക്യാപ്പുകളിൽ സാരമായ വിള്ളൽ

ഫ്ളൈഓവറിന്റെ സ്ട്രക്ചറിന് കാര്യമായ തകരാറുകൾ