കൊച്ചി: കൊവിഡിനെ തുടർന്ന് ജനങ്ങൾക്ക് കൃഷിയിലുള്ള താല്പര്യം വർദ്ധിച്ച പശ്ചാത്തലത്തിൽ കൃഷി വികാസ് കേന്ദ്രത്തിന്റെ കൃഷിക്കാവശ്യമായ തൈകൾ വാങ്ങാൻ ഇനി സി.എം.എഫ്.ആർ.ഐയിൽ സ്ഥിരം കേന്ദ്രം വരുന്നു. ഇതോടെ വിപണന മേളകളിൽ മാത്രം ലഭ്യമായിരുന്ന തൈകളും നടീൽ വസ്തുക്കളും ഇനി ദിവസേന വാങ്ങാൻ ഹൈക്കോടതി ജംഗ്ഷനടുത്ത് ഗോശ്രീ റോഡിലെ സി.എം.എഫ്.ആർ.ഐയിൽ സൗകര്യമുണ്ടാവും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തനം.കൊവിഡിനെ തുടർന്ന് സ്വന്തമായി കൃഷി ചെയ്ത് സുരക്ഷിത ഭക്ഷ്യോല്പാദനത്തിന് മുന്നിട്ടിറങ്ങുന്നവരുടെ എണ്ണം അഭൂതപൂർവമായ വർദ്ധിച്ചതിനെതുടർന്നാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയതെന്ന് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.വിത്തുകൾ, പച്ചക്കറി തൈകൾ, ഫലവർഗ ഗ്രാഫ്റ്റുകൾ, കുറ്റികുരുമുളക്, തെങ്ങിൻ തൈകൾ എന്നിവയ്ക്ക് പുറമെ ജൈവവളങ്ങളും മണ്ണില്ലാ നടീൽ മിശ്രിതവും കരിമീൻ കുഞ്ഞുങ്ങളും ലഭ്യമാണ്. കാർഷിക യന്ത്രോപകരണങ്ങൾ വാടകയ്ക്ക് കൊടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കർഷകരുടെ ഭക്ഷ്യോല്പന്നങ്ങളും കേന്ദ്രത്തിൽ ലഭ്യമാവും.