വൈപ്പിൻ: കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ പള്ളിപ്പുറം കോവിലകത്തും കടവ് മുതൽ വടക്കോട്ട് മുനമ്പം വരെയുള്ള ഏഴ് വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാക്കണമെന്ന് പഞ്ചായത്ത് തല ആർ.ആർ.ടി യോഗത്തിൽ ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു. സംസ്ഥാനപാതയടക്കം ഈ ഭാഗം അടച്ചുപൂട്ടണമെന്നായിരുന്നുആവശ്യം. മനുഷ്യജീവനാണ് മറ്റെന്തിനെക്കാളുംവില എന്ന് യോഗത്തിൽ പങ്കെടുത്ത എസ് ശർമ്മ എം.എൽ.എ അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ എം.എൽ.എ പിന്താങ്ങി.

എന്നാൽ തുടർന്ന് നടന്ന സർവകക്ഷിയോഗം ഈ ഭാഗത്തെ സമ്പൂർണ അടച്ചുപ്പൂട്ടൽ ഒഴിവാക്കുവാൻ നിർദേശിച്ചു. മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി ബന്ധപ്പെട്ട പ്രദേശങ്ങൾ മാത്രം അടച്ചാൽ മതിയെന്നാണ് സർവകക്ഷിനിർദേശം. രണ്ടോ അതിലധികമോ രോഗികളുള്ള വാർഡുകൾ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളക്കാനാണ് ഇപ്പോഴത്തെ നിർദേശം.

മുനമ്പം ഹാർബറിൽ ഒരു തരകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഈ മേഖലയിൽ പതിനഞ്ചിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇപ്പോൾ ഇരുപത്തിയഞ്ചോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 2 മുതൽ 5 വരെയും 20 മുതൽ 22 വരെയുള്ള വാർഡുകൾ സമ്പൂർണമായി അടച്ചിടുകയും മാല്യങ്കരപ്പാലവും ഈ പ്രദേശത്തെ സംസ്ഥാനപാതയും അടച്ചിടണമെന്നാണ് ആരോഗ്യവകുപ്പിന്റെ കർശനനിലപാട്.

പ്രദേശത്ത് പരമാവധി ടെസ്റ്റുകൾ നടത്തികൊണ്ടിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ജില്ലാതലത്തിൽ നിന്നുള്ള മൊബൈൽ പരിശോധന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 55 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. അവരുടെ ഫലം അറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.