കോലഞ്ചേരി: തട്ടിപ്പുകൾക്ക് പുതിയ മാനം നൽകി ഈ സിം തട്ടിപ്പും വ്യാപകമായി. സംസ്ഥാനത്തിനകത്ത് വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുന്നറിയിപ്പുമായി പൊലീസും രംഗത്ത്.
ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇ - സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുക എന്നതാണ് തട്ടിപ്പിന്റെ രീതി.കരുതിയിരിക്കുക ഇ - സിം വഴി തട്ടിപ്പ് സംസ്ഥാനത്തും എത്തിയെന്ന് സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

ആദ്യം മെസേജ്

ഇതിനായി തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് സിം കാർഡ് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ആകുമെന്നോ കെ.വൈ.സി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നോ മെസേജ് ചെയ്യുകയാണ്.

കസ്റ്റമർ കെയർ എന്ന വ്യാജേന ഫോൺ കോൾ

പിന്നാലെ ടെലികോം കമ്പനിയിൽ നിന്ന് കസ്​റ്റമർ കെയർ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഫോൺ കോൾ എത്തും.തുടർന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നൽകാനാകും അടുത്തതായി ആവശ്യപ്പെടുക.കസ്​റ്റമർ കെയർ കമ്പനിയുടേതിന് സമാനമായ ഫോൺ നമ്പരുകളായിരിക്കും ഇവർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുക.

വ്യാജ ഇ മെയിൽ ഐ.ഡി

മൊബൈൽ ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ മെയിൽ ഐ.ഡി ലഭിക്കുന്നതോടെ തട്ടിപ്പുകാർ അയച്ചു നൽകുന്ന മെയിൽ ഇ - സിം റിക്വസ്​റ്റ് നൽകുന്നതിനായി സർവീസ് പ്രൊവൈഡറിന് ഫോർവേർഡ് ചെയ്യാൻ ആവശ്യപ്പെടും.ഇത്തരത്തിൽ മെയിൽ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്ക് ആവുകയും ഇ - സിം ആക്ടിവേ​റ്റ് ആവുകയും ചെയ്യും. ഇ -സിം ആക്ടിവേ​റ്റ് ചെയ്യുന്നതിനുള്ള ക്യൂആർ കോഡ് ലഭിക്കുക തട്ടിപ്പുകാർക്കായിരിക്കും. ഇങ്ങനെ ഇ - സിം ഡിജി​റ്റൽ വാല​റ്റുകളുമായി ബന്ധിപ്പിച്ച് നിങ്ങളുടെ പണം കൈക്കലാക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.