മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 27 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. അര നൂറ്റാണ്ടു കാലമായി തൃപ്പള്ളിക്കവല രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശമായിരുന്നു. സ്വകാര്യവ്യക്തികൾ വിട്ടുനൽകിയ സ്ഥലങ്ങളിൽ കിണറും പമ്പുഹൗസും 40000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും നിർമ്മിച്ച് ഇപ്പോൾ 35 വീടുകൾക്കും പദ്ധതിയുടെ ശേഷി പൂർണമായും പ്രയോജനപ്പെടുത്തുമ്പോൾ ഇരുന്നൂറോളം വീടുകൾക്കും ശുദ്ധമായ കിണർവെള്ളം ലഭ്യമാകുന്നതാണ് പദ്ധതി. പോത്താനിക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന ഉയർന്ന പ്രദേശങ്ങളായ കല്ലട ,പൂതപ്പാറ, തായ്മറ്റം, തൊണ്ണൂറാം കോളനി, ഗവൺമെന്റ് ആശുപത്രി പടി, ആയങ്കര, തൃപ്പള്ളി കവല കുടിവെള്ള പദ്ധതി എന്നിങ്ങനെ 6 കുടിവെള്ള പദ്ധതികൾ പൂർത്തികരിച്ചപ്പോൾ 600 ഓളം വീടുകൾക്ക് ശുദ്ധമായ കിണർ വെള്ളം ലഭ്യമാകും. പദ്ധതികളുടെ ശേഷി പൂർണമായി പ്രയോജനപ്പെടുത്തുമ്പോൾ 1300 ഓളം കുടംബങ്ങൾക്ക് കിണർ വെള്ളം ലഭ്യമാകും ഇതോടെ പോത്താനിക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ശ്വാശ്വതമായി പരിഹരിഹരിക്കപ്പെടും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസൻ ഇല്ലിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി മാനുവൽ, മേരി തോമസ് , പദ്ധതിയുടെ ചെയർമാൻ വി. സുഭാഷ് ,ഐഫി ജെയിംസ്, എൻ.എ.ടോമി, എ.കെ. സിജു, എൻ.എ. ബാബു, കെ.പി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.