muraleedharan

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം കാത്ത് 81 ദിവസമായി കണ്ണീരോടെ കഴിയുകയാണ് ഉദയംപേരൂർ സ്വദേശികളായ വൃദ്ധ ദമ്പതികൾ. ഉദയംപേരൂർ പേരെക്കടവിൽ വാടകക്ക് താമസിക്കുന്ന മാവട വീട്ടിൽ മുരളീധരൻ പിള്ളയും ഭാര്യ അംബികയുമാണ് കഴിഞ്ഞ ജൂൺ 15 മുതൽ ആലുവ ജില്ലാ ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിലുള്ളത്.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മുരളീധരൻപിള്ള വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് രണ്ട് കാലുകളുടെയും മുട്ടിന് താഴെ പൊട്ടലുണ്ടായാണ് ആശുപത്രിയിലെത്തിയത്. പരസഹായം വേണ്ടിവന്നതോടെ അംബിക വീട്ടുജോലിയും നിർത്തി. മക്കളില്ലാത്ത ദമ്പതികൾ ഇതോടെ ദുരിതത്തിലായി.

ചികിത്സക്ക് മാത്രമല്ല, വീട് വാടക നൽകാനും നിത്യചെലവിനും വരുമാനമില്ലാതായി. ആലുവ ജില്ലാ ആശുപത്രിയിലെ എല്ല് രോഗവിദഗ്ദ്ധനെ മുൻപരിചയമുള്ളതിനാലാണ് ഇവിടെ ചികിത്സതേടിയെത്തിയത്. ശസ്ത്രക്രിയക്ക് ആശുപത്രിയിൽ പണം വേണ്ടെങ്കിലും സാധനസാമഗ്രികൾ രോഗി വാങ്ങി നൽകണം. രണ്ട് കാലിലെയും ചിരട്ടകൾ ഉൾപ്പെടെ മാറ്റുന്നതിന് 1.05 ലക്ഷം രൂപയോളം വേണ്ടിവരും. ഡോക്ടർമാരുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

ആവശ്യമായ പണം ലഭിച്ച ശേഷം ശസ്ത്രക്രിയക്കായി എത്തിയാൽ മതിയെങ്കിലും വീട്ടിലേക്ക് പോയാൽ ഭക്ഷണത്തിന് പോലും വകയില്ലാത്തതിനാൽ ഇവർ പോകുന്നില്ല. ഏഴ് മാസത്തെ വാടക കുടിശികയും കെട്ടിക ഉടമക്ക് നൽകാനുണ്ട്.

മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട സഹായം നൽകിയതായും ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ദമ്പതികൾ സുമനസുകളുടെ സഹായവും തേടുന്നുണ്ട്. ഫോൺ: 9995873413.