നെടുമ്പാശേരി: പ്രളയം ദുരിതക്കയത്തിലാക്കിയ വീട്ടിലെ ടിവി തകരാറിലായതിനെ തുടർന്ന് ഓൺലൈൻ പഠനം മുടങ്ങിയ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ജനമൈത്രി പൊലീസിന്റെ കൈത്താങ്ങ്. സമീപ പ്രദേശങ്ങളിൽ പല കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് ടിവിയും സ്മാർട്ട് ഫോണും ടാബുകളെല്ലാം വിതരണം ചെയ്തെങ്കിലും തങ്ങളുടെ ദുരിതം ആരും കാണാതായതോടെ തുടർച്ചയായി പഠനം മുടങ്ങുകയായിരുന്നു. അതോടെയാണ് പുതുവാശ്ശേരി പുത്തൻകടവ് സ്വദേശിനി അമ്പിളിയുടെ 10ലും അഞ്ചിലും പഠിക്കുന്ന ആദർശും അർജുനും ചെങ്ങമനാട് ജനമൈത്രി പൊലീസിന് പഠന സൗകര്യം ആവശ്യപ്പെട്ട് അപേക്ഷച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ. ജോസിയുടെ നിർദ്ദേശപ്രകാരം ജനമൈത്രി പൊലീസ് അവരുടെ വീട് സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി.ആലുവ ഡി.വൈ.എസ്.പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥൻ ജിനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ജിനിയുടെ പ്രീഡിഗ്രി പഠനകാലത്തെ സഹപാഠികളുടെ വാട്‌സ്ആപ് കൂട്ടായ്മയിൽ സംഭവം പോസ്റ്റ് ചെയ്യുകയും മണിക്കൂറുകൾക്കകം ജിനിയുടെ സഹപാഠികൾ ടിവിക്കാവശ്യമായ തുക കൈമാറുകയുമാറി.