തോപ്പുംപടി: വലിയ തോതിൽ ചെളി അടിഞ്ഞതോടെ വേമ്പനാട്ട് കായൽ വൻപാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ചെളിയടിഞ്ഞും കൈയേറ്റങ്ങൾ മൂലവും അഞ്ച് വർഷത്തിനിടെ കായലിന്റെ വിസ്തൃതി ഗണ്യമായി കുറഞ്ഞു.
ഡ്രഡ്ജിംഗ് കൃത്യമായി നടക്കാത്തതു മൂലം പരമ്പരാഗത മത്സ്യബന്ധനവും പ്രതിസന്ധിയിലായി. മത്സ്യതൊഴിലാളികൾ പലവട്ടം പരാതി നൽകിയിട്ടും വഞ്ചികൾ കായലിനു കുറുകെ കെട്ടി സമരവും നടത്തിയിട്ടും പരിഹാരമൊന്നുമുണ്ടായിട്ടില്ല.
തോപ്പുംപടി മുതൽ അരൂർ വരെ കായൽ കൈയേറ്റം രൂക്ഷമാണ്. മൽസ്യ സംസ്ക്കരണ ശാലകൾ, ആരാധനാലയങ്ങൾ, സ്ക്കൂളുകൾ, സ്വകാര്യ വ്യക്തികൾ, റിസോർട്ടുകൾ തുടങ്ങി കൈയേറ്റക്കാരുടെ വലിയ പട്ടിക തന്നെയുണ്ട്.
തോപ്പുംപടി ഭാഗത്ത് കായൽ നികത്തി വികാരികളുടെ പാർപ്പിട സമുച്ചയവും, തോപ്പുംപടി, അരൂർ മേഖലകളിൽ മൽസ്യ സംസ്ക്കരണ ശാലകളുമാണ് വൻതോതിൽ കൈയ്യേറ്റം നടത്തിയത്.
പള്ളുരുത്തിയിൽ സ്വകാര്യ സ്ക്കൂൾ കായൽ കയ്യേറി മൈതാനം തന്നെ നിർമ്മിച്ചു. കടവ് വരെ വെള്ളം ഉണ്ടായിരുന്ന കായൽപ്രദേശത്ത് ഇപ്പോൾ നിറച്ചും ചെളിയാണ്. മത്സ്യതൊഴിലാളികൾക്ക് വഞ്ചികൾ അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തീരത്ത് ചെളിയടിഞ്ഞ് കര രൂപപ്പെടുന്നതോടെയാണ് വൻതോതിൽ കൈയ്യേറ്റം നടക്കുന്നത്. നീരൊഴുക്ക് കുറയുന്നതിനാൽ മൽസ്യസമ്പത്തും ഇല്ലാതായി. പലർക്കും കരയിൽ നിന്നും കായലിലേക്ക് വഞ്ചി ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. തോപ്പുംപടി ഭാഗത്ത് കൊച്ചി തുറമുഖ ട്രസ്റ്റ് വൻതോതിൽ കായൽ നികത്തിയാണ് വാക്ക് വേയും മറ്റും നിർമ്മിച്ചിരിക്കുന്നത്.
മുൻ കാലങ്ങളിൽ മീനുകൾ കൂടുതൽ ഉള്ളതിനാൽ ചീനവലകളും, കമ്പവലകളും സുലഭമായിരുന്നു. കായൽ ചുരുങ്ങിയതോടെ ചീനവലകളുടെ എണ്ണവും കുറയുകയാണ്.
ചില സ്ഥലങ്ങളിൽ സ്ഥലം എം.എൽ.എമാർ ഇടപെട്ട് കായലിൽ ഡ്രഡ്ജിംഗ് നടത്തിയിരുന്നു. കോടികൾ ചെലവുള്ള ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ സഹായം കൂടി അനിവാര്യമാണെന്ന് മൽസ്യതൊഴിലാളിയായ പൊള്ളയിൽ ജോസഫ് പറഞ്ഞു.