മൂവാറ്റുപുഴ: നെല്ലിമലയിലെ പച്ചക്കറികളും കിഴങ്ങു വർഗങ്ങളും തളിരിട്ടു. സി.പി.എം നെല്ലിമല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് നടത്തുന്ന വിവധയിനം കൃഷികളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയിൽ നാട്ടുകാരോടൊപ്പം സി.പി.എം നെല്ലിമല ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ കൃഷിയുടെ നേതൃത്വം ഏറ്റെടുക്കുവാൻ തയ്യാറായതോടെ കാർഷിക മേഖലയുടെ വ്യാപ്തി വർദ്ധിക്കുകയായിരുന്നു. നെല്ലിമല നിവാസികൾക്ക് ആവശ്യമായ പച്ചക്കറികളും , കിഴങ്ങു വർഗങ്ങളും ഇവിടെ തന്നെ ഉല്പാദിപ്പുക്കുന്നതിനുള്ള പദ്ധതിയെകുറിച്ച് ആലോചനയായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി ജോർജ്ജിന്റെ സഹായത്താൽ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് കൃഷി ചെയ്യുന്നതിനുള്ള ഉപദേശ നിർദ്ദേശങ്ങൾ തേടി. എല്ലാ സഹായങ്ങളും കൃഷി വകുപ്പ് നൽകാമെന്ന് ഏൽക്കുകയും ചെയ്തു. ഇതോടെയാണ് ഒരേക്കർ സ്ഥലത്ത് നെല്ലിമല ബ്രാഞ്ച് വിവിധ ഇനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്തു തുടങ്ങിയത്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മധുരകിഴങ്ങ് തുടങ്ങിയ കിഴങ്ങു വർഗങ്ങളും, പയർ, വെള്ളരി, മത്തൻ, കുമ്പളങ്ങ, പച്ചമുളക്, പടവലം, തക്കാളി,വഴുതന, കത്രിക്ക , മഞ്ഞൾ, ഇഞ്ചി തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാനമായി കൃഷി ചെയ്തിട്ടുള്ളത്. വട്ടം തിട്ടയിൽ നിഥിൻ വേണു സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തിട്ടുള്ളത്. കേരള ബാങ്ക് മൂവാറ്രുപുഴ മാനേജർ സുധാർശനൻ , ബ്രാഞ്ച് സെക്രട്ടറി പി.കെ. മധു, ലോക്കൽ കമ്മിറ്റി അംഗം പി.എം. ഇബ്രാഹിം, സജിപോൾ, സജി, അനി തുടങ്ങയവരാണ് കൃഷി സംരക്ഷിക്കുന്നത്. കൃത്യസമത്ത് വളമിടുന്നതിനും നനച്ചു കൊടുക്കുന്നതിനും , കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും എല്ലാ ദിവസവും ഇവർ കൃഷിയിടത്തിലെത്തുന്നു. കൃഷി ഓഫീസറുടെ നിർദ്ദേശങ്ങൾകൃത്യമായി അനുസരിച്ചുകൊണ്ടാണ് നെല്ലിമലയിലെ കർഷകർ മുന്നേറുന്നത്.