# എൻജിനിയറിംഗ് വിഭാഗത്തിന് പുതിയ കാർ വാങ്ങിയതിന് വിമർശനം
ആലുവ: ഓണാവധിയുടെ മറവിൽ ആലുവ ജനറൽ മാർക്കറ്റിൽ ഒരു വിഭാഗം കച്ചവടക്കാർ അനധികൃതമായി നിർമ്മിച്ച നാല് താത്കാലിക ഷെഡുകൾ ഒഴിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോറോം മൈക്കിളിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതൃത്വം വഴങ്ങിയില്ല. ഏഴ് വർഷം മുമ്പ് മാർക്കറ്റ് സമുച്ചയത്തിൽ മുറി ലഭിക്കുന്നതിന് അഡ്വാൻസ് നൽകിയ കച്ചവടക്കാരാണ് ഷെഡുകൾ നിർമ്മിച്ചതെന്നും കെട്ടിട സമുച്ചയം നിർമ്മിക്കുമ്പോൾ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാമെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. ഇതിനോട് ഭൂരിഭാഗം കൗൺസിലർമാരും യോജിച്ചു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ വ്യാപാരികളെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് തീരുമാനം. നഗരസഭ സെക്രട്ടറി അവധി കഴിഞ്ഞ് എത്തുമ്പോൾ വ്യാപാരികളുമായി ചർച്ച നടത്തും. നിലവിലുള്ള പ്ളാനിൽ എത്രയും വേഗം കെട്ടിടം നിർമ്മാണത്തിന് നടപടിയെടുക്കും. കെട്ടിട സമുച്ചയത്തിന്റെ പ്ളാൻ മാറ്റാൻ ചിലർ പ്രചരണം നടത്തിയെങ്കിലും യോഗത്തിൽ ചർച്ച പോലുമുണ്ടായില്ല.
ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ നഗരസഭ വിഷമിക്കുമ്പോൾ എൻജിനിയറിംഗ് വിഭാഗത്തിനായി 14 ലക്ഷം രൂപ മുടക്കി പുതിയ കാർ വാങ്ങിയതും വിമർശനത്തിന് ഇടയാക്കി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ആണ് സാമ്പത്തീക പ്രതിസന്ധിക്കിടെ കാർ വിങ്ങിയതിനെ വിമർശിച്ചത്. കാർ വാങ്ങാൻ സാമ്പത്തീക പ്രതിസന്ധിക്ക് മുമ്പ് തീരുമാനിച്ചതാണെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. നഗരസഭയിലെ നികുതി പിരിവ് ഊർജിതമാക്കി സാമ്പത്തീക പ്രതിസന്ധി മറികടക്കാൻ നടപടിയെടുക്കണമെന്ന് നേതാക്കൾ നിർദ്ദേശം നൽകി.
അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, മണ്ഡലം പ്രസിഡന്റുമാരായ ഫാസിൽ ഹുസൈൻ, മുഹമ്മദാലി തോട്ടക്കാട്ടുകര എന്നിവരും പങ്കെടുത്തു. അതിനിടെ ആലുവ മണ്ഡലം കമ്മിറ്റിയുടെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടിയെ യോഗം അറിയിക്കാതിരുന്നതും വിവാദമായിട്ടുണ്ട്.