പറവൂർ: നഗരത്തിലെ മുൻസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുളള തിരക്കേറിയ സ്ഥലങ്ങളിൽ വ്യാപാരം നടത്തുന്ന വഴിയോര കച്ചവടക്കാരെ ഉടൻ നീക്കം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു. ഈ റോഡിൽ വഴിയോര കച്ചവടം നിയമപരമായി നിരോധനം ഏർപ്പെടുത്തിയട്ടുണ്ട്. കൊവിഡ് രോഗവ്യാപനം മൂലം സ്വകാര്യ ബസുകളുടെ സർവിസ് കുറഞ്ഞത് മുസരിസ് ബസാറിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞിട്ടുണ്ട്, ഈ കാരണത്താൽ വീണ്ടും വഴിയോരത്ത് കച്ചവടം നടത്തുവാൻ അനുവദിക്കില്ല. നേരത്തെ നൽകിയ 50,000 രൂപ പലിശ രഹിത വായ്പ കൂടാതെ അടുത്തിടെ 10,000 രൂപയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണം വായ്പയായി വഴിയോര കച്ചവടക്കാർക്ക് നൽകിയിട്ടുണ്ട്. ലിസ്റ്റിൽ മറ്റു വ്യാപാരങ്ങൾ നടത്തുന്നവർ നഗരസഭയെ തെറ്റിദ്ധരിച്ചിച്ച് കടന്നു കൂടിയിട്ടുണ്ട്. അവരെ ഒഴിവാക്കുനാള്ള നടപടി സ്വീകരിക്കും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൾ കച്ചവടം നടത്തുന്ന ചെറുപ്പക്കാരുൾപ്പെടെ നിരവധി പേർ മുസിരിസ് ബസാറിൽ കച്ചവടം നടത്താൻ തയ്യാറായി വന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടു ഉപയോഗിച്ച് നിർമ്മിച്ച മുസിരീസ് ബസാർ വെറുതെ കിടക്കുവാൻ നഗരസഭ സാധിക്കില്ല. കച്ചവടം തുടങ്ങിയ ശേഷം കച്ചവടം ലഭിക്കുന്നതിനുള്ള കൂട്ടായ ശ്രമം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.
പുനരധിവാസം മുസിരിസ് ബസാറിൽ
പോസ്റ്റ് ഓഫീസിന്റെ പരിസരത്തും, മുകാംബിക റോഡിലും, കച്ചേരി മൈതാനത്തിന് എതിർവശമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമെല്ലാം ഇപ്പോഴും നിയമം ലംഘിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നത് അനുവദിക്കാനാകില്ല. ഇവരുടെ പുനരധിവാസം ഉറപ്പാക്കി കൊണ്ട് സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പുറകിൽ നിർമ്മിച്ചിരിക്കുന്ന മുസിരിസ് ബസാറിലേക്ക് കച്ചവടം ഉടൻ മാറണം. അല്ലാത്തവരെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യന്നതിനുള്ള നടപടി സ്വീകരിക്കും. വഴിയോര കച്ചവടക്കാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് മുസരിസ് ബസാർ നിർമ്മാണം നടത്തിയത്. ബസാറിലേയ്ക്ക് മാറാൻ കഴിയില്ലെന്നുള്ളത് അംഗീകരിക്കാനാകില്ല. ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും അവിടെ ഒരിക്കിയിട്ടുണ്ട്.