mannoor-ponjassery-road
നിർമ്മാണം പാതിവഴിയിൽ നിലച്ച മണ്ണൂർ പോഞ്ഞാശേരി റോഡ്‌

പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശേരി റോഡ് നിർമ്മാണം പാതിവഴിയിൽ. എറണാകുളം ജില്ലയിലെ 3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് സഹായകരമാകുന്ന റോഡാണിത്. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. സർവേ നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ 23.74 കോടി രൂപയായി പദ്ധതി ചെലവ് ഉയർന്നു. തുടർന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുകയും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 2019 ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർമ്മാണണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 21 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കുവാൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. 2019 മുതൽ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കന്നതിന് മുൻപ് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, താലൂക്ക് സർവേ വിഭാഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു എം.എൽ.എ ഓഫീസിൽ അവലോകന യോഗങ്ങൾ ചേർന്നിട്ടുണ്ട്.

ആദ്യഘട്ട ടാറിംഗ് തീർന്നു
വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. റോഡ് കൈയ്യേറ്റം സംബന്ധിച്ച സർവേ നടപടികളും പൂർത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. ഇവിടെ കലുങ്കുകളും കാനകളും നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ നിർമ്മാണം ഇതുവരെ പൂർത്തികരിച്ചിട്ടില്ല.

ഉപവാസം ഇന്ന്

മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും ചൊവ്വാഴ്ച പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ ഉപവസിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് അനങ്ങാപ്പാറ നയം

നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ഓഫീസിലും ഓൺലൈൻ വഴിയും വിളിച്ചു ചേർത്തെങ്കിലും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ല. മന്ത്രിയെ നേരിൽ കണ്ടും കത്ത് വഴിയും വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുവാൻ ആവശ്യപ്പെടുകയും കിഫ്ബിയിലും കേരള റോഡ് ഫണ്ട് ബോർഡിലും നേരിട്ട് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചിട്ടും നടപടികൾ വൈകുകയാണ്.