കൊച്ചി: ഇ - ട്രഷറിയിൽ സാങ്കേതിക തകരാറുണ്ടായതോടെ വില്ലേജ് ഓഫീസുകളിൽ ഭൂനികുതി അടയ്ക്കാനാവാത്ത സ്ഥിതിയായി. ദിവസങ്ങളോളമായുള്ള സാങ്കേതികപ്രശ്‌നം പരിഹരിക്കാത്തതോടെ നിരവധിയാളുകളാണ് പണം അടയ്ക്കാൻ കഴിയാതെ മടങ്ങുന്നത്. വില്ലേജ് ഓഫീസുകളിൽ പണമടയ്ക്കുന്ന വെബ്‌സൈറ്റിൽ നിന്ന് ട്രഷറി അക്കൗണ്ടിലേക്ക് പണം പോകാത്തതാണ് പ്രശ്‌നം. കൊവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ കൂടിയതോടെ ഇ - ട്രഷറിയിലെ സെർവർ ഡൗണായതാണ് പ്രതിസന്ധിക്കിടയാക്കിയത്. പണം അക്കൗണ്ടിലേക്ക് പോകാത്തതിനാൽ റവന്യൂവകുപ്പിന് രസീത് നൽകാനും കഴിയില്ല.
വില്ലേജ് ഓഫീസിലെ ഇപോസ് മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. രസീത് എഴുതി നൽകുന്ന രീതി പൂർണമായി ഉപേക്ഷിച്ചു. സാങ്കേതിക തകരാർ സംഭവിക്കുന്ന സമയങ്ങളിൽ എഴുതി നൽകാൻ രസീത് അനുവദിച്ചാൽ ജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാകില്ലെന്ന് ജീവനക്കാരും പറയുന്നു. വളരെ അത്യാവശ്യഘട്ടങ്ങളിൽ രസീത് എഴുതി നൽകാമെന്ന് സർക്കാർ നിർദേശമുണ്ട്. ഓണത്തിനു ശേഷം വില്ലേജ് ഓഫീസുകളിൽ ഭൂനികുതി അടയ്ക്കാൻ സാധിച്ചിട്ടില്ല. സാങ്കേതിക തകരാൻ ഉടൻ പരിഹരിക്കുമെന്നാണ് ട്രഷറി വിഭാഗം പറയുന്നത്.