പറവൂർ: കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളുടെ അതിർത്തിയായ മന്നത്ത് എഫ്.എൽ.ടി സെന്റർ തുറക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ കൊവിഡ് പരിശോധന വർദ്ധിപ്പിക്കണമെന്നും ആവശ്യം. മന്നം കവലയിൽ അമ്പത് മീറ്റർ ചുറ്റളവിൽ ഇരു പഞ്ചായത്തുകളിലുമായി 400 ഓളം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരിൽ പകുതിയിലധികം പേർ കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വന്തം നാടുകളിലേക്ക് പോയി. തിരിച്ചു വന്നു കൊണ്ടിരിക്കുന്നവർക്ക് ശരിയായ രീതിയിൽ പരിശോധനയോ ക്വാറന്റൈൻ സൗകര്യങ്ങളോ ഒരുക്കാൻ സ്പോൺസർമാർ തയാറാകുന്നത്. ഇത് രോഗവ്യാപനത്തിന് സാദ്ധ്യത വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
കോട്ടുവള്ളി പഞ്ചായത്ത് അതിർത്തിയിൽ ഇതിനകം പത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്നത്തിന്റെ സമീപപ്രദേശത്ത് ഇരു പഞ്ചായത്ത് വാർഡുകളിലും നാട്ടുകാർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ മതിയായ സൗകര്യങ്ങളില്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിക്കുന്നത്. ഒരു മുറിയിൽ പത്തും പന്ത്രണ്ടും പേരാണ് കഴിയുന്നത്. പൊതു സ്ഥലങ്ങളിൽ നാട്ടുകാരുമായി ഇവർ ഇടപെടുന്നുണ്ട്. നാട്ടുകാർ പലവട്ടം പരാതി പറഞ്ഞെങ്കിലും പഞ്ചായത്ത് അധികാരികൾ ഗൗരവമായി എടുത്തിട്ടില്ല. രാഷ്ട്രീയ പാർട്ടി നേതാക്കളാണ് മാസവാടക ഈടാക്കി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത് . ഇവർക്കിടയിൽ പരിശോധന കർശനമാക്കി രോഗവ്യാപനം തടയുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.