sndp
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സമിതി അംഗം ഷിനിൽ കോതമംഗലം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ തിരുനാമത്തിൽ ആദ്യ ഓപ്പൺ സർവകലാശാല ആരംഭിക്കുവാനുള്ള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ആധുനിക യുഗത്തിലേക്ക് കേരളത്തെ കൈപിടിച്ചുയർത്തിയ ശ്രീനാരായണഗുരുദേവനുള്ള ഉചിതമായ സ്മാരകം എന്ന നിലയിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാല വിദൂര പഠനത്തിൽ മികവിന്റെ കേന്ദ്രമാക്കണം. ശ്രീനാരായണ ദർശനം ഉൾപ്പെടെ കൂടുതൽ കോഴ്‌സുകൾ മികച്ച നിലവാരത്തിൽ പഠിക്കാനും ഗവേഷണം നടത്തുവാനും സൗകര്യം ഒരുക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും വിധം വിവിധ വിഷയങ്ങളിൽ പഠനം ആരംഭിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അഡ്വ.പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി അംഗം ഷിനിൽ കോതമംഗലം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ശ്യാം പ്രസാദ് സംഘടനാ സന്ദേശം നൽകി. ജില്ലയിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് കമ്മറ്റികൾ രൂപീകരിക്കും. സമുദായ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി ഗുരുധർമ്മത്തിൽ ഊന്നി പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ തിലകൻ കോതമംഗലം എന്നിവർ സംസാരിച്ചു.