കൊച്ചി: അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. 7 മണിക്ക് ആലുവയിൽ നിന്നും തൈക്കൂടത്ത് നിന്നും ട്രെയിനുകൾ യാത്ര പുറപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്രക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചത്. എന്നാൽ, തിരക്ക് പൊതുവെ കുറവായിരുന്നു. അതേസമയം, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) കൊച്ചി മെട്രോയുടെ യാത്ര നിരക്കുകൾ കുറച്ചു. ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കുറഞ്ഞ നിരക്കായ 10 രൂപയിൽ മാറ്റമില്ല. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും.
ടിക്കറ്റ് നിരക്ക് നാലു സ്ലാബുകളിൽ
നിരക്ക് സ്ലാബുകൾ നാലാക്കിയും കുറച്ചിട്ടുണ്ട്. 10, 20, 30, 50 ടിക്കറ്റ് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷൻ വരെയും 30 രൂപക്ക് 12 സ്റ്റേഷൻ വരെയും യാത്ര ചെയ്യാം. 12 സ്റ്റേഷനുകൾക്കപ്പുറമുള്ള യാത്രക്ക് 50 രൂപയായിരിക്കും നിരക്ക്. മിനിമം ചാർജിലും യാത്രാ പരിധിയിലും മാറ്റമില്ല. വീക്ക്‌ഡേ, വീക്കെൻഡ് പാസുകൾക്കും ഇളവുണ്ട്. 125 രൂപയുണ്ടായിരുന്ന വീക്ക്‌ഡേ പാസിന് 15 രൂപയും 250 രൂപയായിരുന്ന വീക്കെൻഡ് പാസിന് 30 രൂപയും കുറച്ചു.