കൊച്ചി : വിരമിക്കൽ പ്രായത്തിനുമുമ്പ് ജീവനക്കാരെ ഏകപക്ഷീയമായി പിരിച്ചുവിടാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ചുമുതൽ 10 വർഷംവരെ സർവീസ് ശേഷിക്കെ വിവിധ കാരണങ്ങൾ പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഉത്തരവ്. നടപടിക്ക് വിധേയരാകുന്നവർക്ക് വിശദീകരണം നൽകാൻ അവസരമില്ല. പിരിച്ചുവിടലിനുശേഷം സർക്കാർ നിയോഗിക്കുന്ന സമിതിയെ സമീപിക്കാനേ കഴിയൂ. തൊഴിലാളികളെ അടിമകളാക്കുന്ന തൊഴിൽനിയമ പരിഷ്‌കാരങ്ങൾക്ക് പിന്നാലെ ജീവനക്കാരുടെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന ഏകാധിപത്യനയത്തിലേക്ക് നീങ്ങുകയാണ് കേന്ദ്രം. ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് വി.പി. ജോർജ് അറിയിച്ചു.