കളമശേരി: മൊറട്ടോറിയത്തിന്റെ പേരിൽ രാജ്യമാകെ തട്ടിപ്പ് നടത്തിയ സൈബർ സംഘങ്ങൾ ഇളവ് പിൻവലിച്ചതിന് പിന്നാലെ അടവ് മാറ്റി രംഗത്ത്. പെൻഷൻ ഫണ്ടിന്റെ പേരിലാണ് നിലവിൽ തട്ടിപ്പിന് കളമൊരുക്കുന്നത്. കൊച്ചിയിൽ മുൻ എഫ്.എ.സി.ടി ജനറൽ മാനേജറായിരുന്ന കൊച്ചു കൃഷ്ണനെയാണ് ഇത്തരമൊരു സംഘം ഒടുവിൽ കുടുക്കാൻ ശ്രമിച്ചത്. ഫോൺ കാൾ കേന്ദ്രീകരിച്ച് അദ്ദേഹം തന്നെ നടത്തിയ അന്വേഷണമാണ് രക്ഷയായത്.
തട്ടിപ്പ് ഇങ്ങനെ
പെൻഷൻ റഗുലേറ്ററി അതോറിട്ടിയുടെ പേര് വ്യാജമായി ഉപയോഗിച്ചാണ് സംഘം ബന്ധപ്പെടുന്നത്. അതോറിട്ടിയിൽ നിശ്ചിത തുകയുണ്ടെന്ന് ധരിപ്പിക്കുകയാണ് അദ്യം ചെയ്യുന്നത്. ശേഷം ഇത് പിൻവലിക്കാനായി കത്തുകൾ അയച്ചിരുന്നെന്നും എന്നാൽ മറുപടി ലഭിക്കാത്തത് മൂലമാണ് ഫോലൂടെ വിവരം കൈമാറുന്നതെന്ന് അറിയിക്കും. ആധാർ, ഫോട്ടോ, നോമിനിയുടെ പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ നൽകിയാൽ ഉടൻ തന്നെ പണം പിൻവലിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിശ്വപ്പിച്ച് വിവരങ്ങൾ ചോർത്തുന്നതാണ് രീതി.
വിളി ലാൻഡ് ഫോണിൽ
മൊബൈൽ ഫോൺ ഒഴിവാക്കി ലാൻഡ് ഫോണുകളാണ് ഇത്തരം സംഘങ്ങൾ തിരഞ്ഞടുക്കുന്നത്. മൊബൈൽ ഉപയോഗിക്കുന്നവർ മൂന്നക്ക നമ്പറിൽ നിന്നുള്ളാ കാളുകൾ എടുക്കാതായതാണ് ചുവടുമാറ്റത്തിന് കാരണമെന്ന് കരുതുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരാം. നിലവിൽ പണം നഷ്ടപ്പെട്ടതായി ആരും പൊലീസിൽ പരാതിയില്ല. പണം നഷ്ടപ്പെട്ടവർ നാണക്കേടുമൂലം പുറത്തു പറയാത്തതാകാനും സാദ്ധ്യതയുമുണ്ട്.