bhramapuram

കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയം ദേശീയ ഹരിതട്രിബ്യൂണലിന്റെ ഡൽഹി പ്രിൻസിപ്പൽ ബെഞ്ച് ഇന്നു പരിഗണിക്കും. പ്ളാന്റിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കടമ്പ്രയാറിനെ മലിന്യ വാഹിനിയാക്കുന്നെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡും (പി.സി.ബി) കൊച്ചി കോർപ്പറേഷനും സ്വീകരിച്ച നടപടികൾ ട്രിബ്യൂണൽ വിലയിരുത്തും. 2019 ജനുവരിയിൽ ട്രിബ്യൂണലിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ബ്രഹ്മപുരം പ്ളാന്റ് സന്ദർശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്ന് ഉ‌ൗറുന്ന മലിനജലം സംസ്കരിക്കുന്നതിനായി ലീച്ചറ്റ് പ്ളാന്റ് ഉൾപ്പെടെ ബ്രഹ്മപുരത്തെ പരിസ്ഥിതി വിനാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി നിരവധി പരിപാടികൾ കോർപ്പറേഷൻ അന്ന് പ്രഖ്യാപിച്ചുവെങ്കിലും പലതും യാഥാർത്ഥ്യമായില്ല.

കർശന വിമർശനവുമായി പി.സി.ബി

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആകെ അവതാളത്തിലാണെന്ന് പി.സി.ബി പറയുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾക്ക് മീതേ വീണ്ടും മാലിന്യങ്ങൾ തള്ളുകയാണെന്നാണ് പ്ളാന്റ് സന്ദർശിച്ച ഹരിത ട്രിബ്യൂണൽ സംസ്ഥാന നിരീക്ഷക സമിതി കണ്ടെത്തിയത്. ഇതേതുടർന്ന് പ്ളാന്റിലെ മാലിന്യ സംസ്കരണ പിഴവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് പി.സി.ബിയുടെ തീരുമാനം .ഇതിനു പുറമെ 2016 ലെ മാലിന്യ സംസ്കരണ നിയമം ലംഘിച്ചതിന് 13.3 കോടി രൂപയും കോർപ്പറേഷൻ നൽകേണ്ടതായി വരും. പ്ളാന്റിലെ നടത്തിപ്പിൽ വീഴ്ച വരുത്തിയ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പി.സി.ബി ചെയർമാൻ നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല കോർപ്പറേഷനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകാനും തീരുമാനിച്ചു. കോർപ്പറേഷന്റെ പിടിപ്പുകേടു കൊണ്ടാണ് ആധുനിക പ്ളാന്റിന്റെ നിർമ്മാണ ചുമതല സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നതെന്നും പി.സി.ബി വക്താവ് ദേശീയ ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ആധുനിക പ്ളാന്റ് വരും

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ളാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ജില്ലയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്നും പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയെ ആണ് സർക്കാർ ഇതിന്റെ നിർമ്മാണ ചുമതല ഏല്പിച്ചിരിക്കുന്നതെന്നും കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സമീപ മുനിസിപ്പാലിറ്റികളിലെ

മാലിന്യവും ഇങ്ങോട്ട്

കൊച്ചി കോർപ്പറേഷന്റെ ജൈവ, അജൈവ മാലിന്യങ്ങൾക്ക് പുറമെ ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, അങ്കമാലി മുനിസിപ്പാലിറ്റികൾ, കുമ്പളങ്ങി, ചേരാനെല്ലർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും ബ്രഹ്മപുരം പ്ളാന്റിലാണ് സംസ്കരിക്കുന്നത്.