• കൊച്ചി കോർപ്പറേഷന്റെ അനാസ്ഥ
കൊച്ചി: മാലിന്യ പ്രശ്നത്തിന് പരിഹാരമാകേണ്ട സ്വച്ച് ഭാരത് മിഷന്റെ 41 കോടി രൂപയുടെ പദ്ധതി കൊച്ചി കോർപ്പറേഷൻ നഷ്ടമാക്കി. 2014 ൽ ആരംഭിച്ച് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിന ആദരവിന്റെ ഭാഗമായി പൂർത്തീകരിക്കേണ്ട പദ്ധതിയാണ് പിടിപ്പുകേടു മൂലം നഷ്ടമായത്.
കേന്ദ്ര സംസ്ഥാന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിന് സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനെയാണ് ചുമതലപ്പെടുത്തിയത്. ഒരാൾക്ക് 686 രൂപ പ്രകാരം 6,02,046 പേർ എന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 41,30,03,556 രൂപയുടെ പദ്ധതിയാണ് കൊച്ചി നഗരത്തിനു വേണ്ടി തയ്യാറാക്കിയത്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.
• മാലിന്യപ്രശ്നത്തിന് പരിഹാരം
• ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനം: 86 ലക്ഷം,
എയറോബിക് കമ്പോസ്റ്റ്, ബയോ ഗ്യാസ് പ്ലാന്റ് : 82 ലക്ഷം
• നഗരത്തിൽ 15 കേന്ദ്രങ്ങളിലായി മെറ്റീരിയൽ റിക്കവറി സൗകര്യം: 42 ലക്ഷം
• 25 കേന്ദ്രങ്ങളിൽ മെറ്റീരിയൽ സംഭരണ സംവിധാനങ്ങൾ: 25 ലക്ഷം
• പ്ലാസ്റ്റിക്ക് പ്രോസസിംഗ് : 66 ലക്ഷം
• ഹരിത കർമ്മ സേന: 68ലക്ഷം
• ബയോപാർക്ക്, ഹരിത സേവാ കേന്ദ്രം: ഒരു കോടി
• മാലിന്യം ശേഖരണ സംവിധാനം: 11കോടി
• മാലിന്യത്തിൽ നിന്ന് വൈദ്യുതി പ്ലാന്റ് : 31 ലക്ഷം
റിപ്പോർട്ട് പൂഴ്ത്തി
41 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് ഏജൻസി തയ്യാറാക്കിയത്. ആരോഗ്യ സ്ഥിരം സമിതി ചർച്ച ചെയ്ത് അംഗീകരിച്ച റിപ്പോർട്ട് കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരാതെ പൂഴ്ത്തിവെച്ചു. വികേന്ദ്രീകരണ മാലിന്യ സംസ്‌ക്കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കിയാൽ ആധുനിക പ്ലാന്റിന് ആവശ്യമായ മാലിന്യം ലഭിക്കുകയില്ലെന്ന തെറ്റായ ധാരണയാണ് ഇതിന് കാരണം.
വി.പി.ചന്ദ്രൻ
കൗൺസിലർ, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി
സർക്കാർ താത്പര്യം കാണിച്ചില്ല
സംസ്ഥാന സർക്കാർ തുടക്കം മുതൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ളാന്റിന് വേണ്ടിയാണ് നിലയുറപ്പിച്ചത്. ഇതിനായി കോർപ്പറേഷൻ നിത്യേന 300 ടൺ മാലിന്യം നൽകണമെന്ന് കരാർ നിലവിലുണ്ട്. അതിനാൽ തന്നെ കൊച്ചിയിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന ആശയത്തോട് സർക്കാർ താത്പര്യം കാണിച്ചില്ല . ഇക്കാര്യം കോർപ്പറേഷനെ രേഖാമൂലം അറിയിച്ചിരുന്നു. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് മുന്നോട്ടുനീങ്ങുന്നത്. കൗൺസിൽ യോഗത്തിലും ഇക്കാര്യങ്ങൾ ധരിപ്പിച്ചിരുന്നു
സൗമിനി ജെയിൻ, മേയർ