കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടും എറണാകുളം മാർക്കറ്റ് മേഖലയിലെ ബാരിക്കേഡുകൾ നീക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കലം കമഴ്‌ത്തി നില്പ് സമരം നടത്തി. പത്ത് മിനിറ്റ് വ്യാപാരസ്ഥാപനങ്ങളിൽ വൈദ്യുത വിളക്കുകൾ അണച്ച് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബ്രോഡ്‌വേ തെക്കേ അറ്റം, മാർക്കറ്റ് റോഡ്, ക്ലോത്ത് ബസാർ റോഡ് ജംഗ്ഷൻ, ബ്രോഡ്‌വേ ക്ലോത്ത് ബസാർ റോഡ് ജംഗ്ഷൻ, ജ്യൂ സ്ട്രീറ്റ് ബ്രോഡ്‌വേ ജംഗ്ഷൻ, മാർക്കറ്റ് റോഡ് പ്രസ് ക്ലബ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വൈകിട്ട് ആറിന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചത്.

ചേംബർ ഭാരവാഹികളായ ടി.എച്ച് നാസർ, വി.ഇ. അൻവർ, കെ.എ നസീർ, ടി. ഇ. ആസാദ്, സി.കെ. സണ്ണി, ജെയിൻ ഖേർ സിംഗ്, സോളമൻ ചെറുവത്തൂർ, പി.എ ചെന്താമരാക്ഷൻ എന്നിവർ നേതൃത്വം നൽകി.

രണ്ടു മാസമായി കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം മൂലം മാർക്കറ്റ് മേഖലയിലെ വ്യാപാരം സ്തംഭനാവസ്ഥയിലായിരുന്നു. കണ്ടെയ്‌ൻമെന്റ് സോൺ നീക്കി ജൂലായ് 21 ന് വ്യാപാരം പുനരാരംഭിച്ചെങ്കിലും വിവിധ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതു മൂലം വലിയ വ്യാപാര നഷ്ടം സംഭവിച്ചു. ബാരിക്കേഡുകൾ നീക്കാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. നടപടി നീണ്ടാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു.