കൊച്ചി: കൊച്ചി കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്ന് ചേരുന്ന കൗൺസിൽ യോഗവും വിവാദത്തിൽ. റിപ്പോർട്ട് ഓരോ വർഷവും പുറത്തിറങ്ങുമ്പോൾ വിവാദങ്ങൾ ഉയരുക പതിവാണ്. ഭരണസമിതിയെ നിശിതമായി വിമർശിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കും. ഓഡിറ്റ് റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് പ്രതിപക്ഷം കഴിഞ്ഞ അഞ്ചു തവണയും ആവശ്യപ്പെട്ടിട്ടും അനങ്ങാത്ത ഭരണസമിതി ഒടുവിൽ ഉറക്കം വിട്ടുണർന്നു. ഇത്രയും കാലത്തെ റിപ്പോർട്ടുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി നാളെ ഉച്ചയ്ക്ക് എറണാകുളം ടൗൺ ഹാളിൽ പ്രത്യേക യോഗം ചേരുകയാണ്.

# അജണ്ട

2015- 16, 16- 17, 17- 18, 18- 19 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട്

2014 -15 മേയേഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് എന്നിവയിലാണ് ചർച്ച.

# വൈകി വന്ന വിവേകം

മുനിസിപ്പൽ നിയമപ്രകാരം ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ കൗൺസിലിന്റെ പ്രത്യേക യോഗം കൂടി റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത് പരാമർശങ്ങളിൽ തീരുമാനം എടുക്കണം. എന്നാൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള കൗൺസിൽ അധികാരത്തിൽ വന്നതിനുശേഷം നിയമപരമായ നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിച്ചിട്ടില്ല. ഇപ്പോൾ എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും ഒന്നിച്ച് ചർച്ച ചെയ്തു എന്ന് വരുത്തിതീർത്ത് നിയമപരമായ കുരുക്കിൽ നിന്ന് തലയൂരാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.

വിളിക്കണം വെവ്വേറെ യോഗങ്ങൾ

നിലവിലെ കൗൺസിലിന്റെ കാലത്ത് 2013 -14 സാമ്പത്തിക വർഷം മുതലുള്ള ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതൽ നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരോ വർഷവും കോടിക്കണക്കിന് രൂപയുടെ ചെലവുകളും തടസപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കുറിച്ചും റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. ഗുരുതരമായ ഇത്തരം പരാമർശങ്ങൾ പരിശോധിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളണമെങ്കിൽ കൂടുതൽ സമയം ആവശ്യമാണ്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കൗൺസിൽ യോഗത്തിൽ എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും ഒന്നിച്ച് ചർച്ച ചെയ്യുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ
ഒരോ വർഷത്തേയും ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിവിധ ദിവസങ്ങളിലായി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ എന്നിവർ മേയർക്ക് കത്ത് നൽകി.