മുംബയ്: വൊഡാഫോൺ ഐഡിയ മൊബൈൽ കമ്പനി പേരും ലോഗോയും മാറ്റി പുതിയ രൂപത്തിൽ അവതരിച്ചു. വിഐ എന്നാണ് പുതിയ പേര്.
മൊബൈൽ വിപണിയിലെ മത്സരം കടുപ്പിക്കാനാണ് ഈ നീക്കം. റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തിയാണ് വരവ്. റീലോഞ്ചിംഗിനെ തുടർന്ന് ഓഹരിവിപണിയിൽ വൊഡാഫോൺ ഐഡിയ മൂല്യം ഇന്നലെ 6.9% വർദ്ധിച്ചു.
പുതിയ ലോഗോയും പേരും ലോകം കണ്ട ഏറ്റവും വലിയ ടെലികോം ലയന പ്രക്രിയയുടെ പൂർത്തീകരണമാണെന്ന് വി.ഐ.എൽ. എം.ഡി. രവീന്ദർ തക്കാർ പറഞ്ഞു. നൂറു കോടി ഉപഭോക്താക്കൾക്ക് 4ജി നെറ്റ്വർക്കിലൂടെ ലോകോത്തര നിലവാരത്തിലെ സേവനം നൽകലാണ് ലക്ഷ്യം.
ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമുള്ള ടെലികോം സേവനദാതാവായിരുന്നു ഐഡിയ സെല്ലുലാർ. വൊഡഫോണിനാകട്ടെ നഗരങ്ങളിലായിരുന്നു മുൻതൂക്കം. രണ്ട് കമ്പനികളും ലയിച്ചപ്പോൾ വിപണിയിൽ മേൽക്കൈ നേടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല. റിലയൻസ് ജിയോയും എയർടെല്ലും നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായി ഐഡിയ മാറിയെങ്കിലും പിന്നീട് തിരിച്ചടിയുണ്ടായി. 40.8 കോടി കണക്ഷനുകളുണ്ടായിരുന്ന ഐഡിയ ലയനസമയത്ത് 28 കോടി കണക്ഷനുകളിലേക്ക് കൂപ്പുകുത്തി.
മുംബയ്: അമേരിക്കൽ വയർലെസ് കമ്പനിയായ വെരിസോൺ കമ്മ്യൂ ണിക്കേഷൻസ് വൊഡാഫോൺ 2500 കോടിയോളം രൂപയുടെ നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. പത്ത് ശതമാനത്തോളം ഓഹരി പങ്കാളിത്തമാണ് ലക്ഷ്യം. ഇതിനിടെയാണ് വൊഡാഫോൺ ഐഡിയ ഇന്നലെ പുതിയ പേരും ലോഗോയും പ്രഖ്യാപിച്ചത്. സർക്കാരിന് വിവിധ നികുതി ഇനങ്ങളിൽ നൽകാനുള്ള കുടിശിക പത്ത് വർഷത്തിനുള്ളിൽ കൊടുത്തു തീർത്താൽ മതിയെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നേരത്തേ ആമസോണും വെരിസോണും നിറുത്തിവച്ചിരുന്ന ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. 50,000 കോടി രൂപയോളം നികുതി കുടിശികയാണ് വൊഡാഫോൺ നൽകാനുള്ളത്. നേരത്തേ 7800 കോടിയോളം രൂപ ഇവർ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോൺ ഗ്രൂപ്പിന്റെ ഭാഗമാണ് ഇന്ത്യയിലെ വൊഡാഫോൺ.
• ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയാണ് ഇന്ത്യയിലേത്.
• ലോകത്ത് ഏറ്റവും കൂടുതൽ ഡാറ്റാ ഉപഭോഗവും ഇന്ത്യയിലാണ്.
• ലോക ടെലികോം മേഖലയിൽ ഏറ്റവും കുറഞ്ഞ താരിഫും ഇന്ത്യയിലാണ്.