തൃപ്പൂണിത്തുറ: പഠിക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ പ്രായവും ശാരീരിക വൈക്യവും തോറ്റു. മഠത്തിപ്പറമ്പിൽ വീട്ടിൽ അംബികയും മകൾ മിനിയും സ്വന്തം പേരെഴുതി അക്ഷര വെളിച്ചത്തിലേക്ക് ഒപ്പുചാർത്തി. ഉദയംപേരൂർ പഞ്ചായത്തിൽ 18-ാം വാർഡിലെ സാക്ഷരതാ കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ഈ അമ്മയും മകളും. മുപ്പത്തിയാറുകാരിയായ മിനിക്ക് ശാരീരിക വൈകല്യം മൂലമാണ് സ്കൂളിൽ പോകാൻ കഴിയാതിരുന്നത്.
തിരുവനന്തപുരം സ്വദേശിയായാണ് അംബിക. കുടുംബത്തിലെ ഒമ്പത് മക്കളിൽ മൂത്ത കുട്ടിയും. ഇളയ സഹോദരങ്ങളെ നോക്കാനുള്ള ചുമതല മാതാപിതാക്കൾ നൽകിയതോടെയാണ് വിദ്യാഭ്യാസത്തിന്റെ വാതിലടഞ്ഞത്. ഇരുപത്തിയൊന്നാം വയസിൽ ഉദയംപേരൂർ സ്വദേശി മണിയെ വിവാഹം ചെയ്ത് എറണാകുളത്ത് എത്തി. ഉദയംപേരൂർ പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതിയുടെ ഭാഗമായാണ് സാക്ഷരതാ ഇൻസ്ട്രക്ടർ പ്രവീണയും പ്രേരക്മാരായ കെ.എം നിർമ്മലയും എം.സി ബേബിയും അറുപത്തിയാറ് വയസുള്ള അംബികയുടെ വീട്ടിലെത്തിയത്. കാര്യങ്ങൾ മനസിലാക്കിയ ഇവർ അമ്മയേയും മുപ്പത്തിയാറുകാരിയായ മകളേയും സാക്ഷരതാ ക്ലാസിൽ എത്തിച്ചു.ശാരീക വൈകല്യങ്ങളുള്ള മിനിക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ് ക്ലാസ് നൽകുന്നത്. ഇരുവരും ആദ്യ ഘട്ട പരീക്ഷയെഴുതിക്കഴിഞ്ഞു.ഇനി തുടർ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.
ചെറുമക്കൾക്കൊപ്പം പുസ്തകം വായിക്കാൻ കഴിയുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് അംബിക പറഞ്ഞു. ഇരുവരും കൃത്യമായി ഗൃഹ പാഠങ്ങൾ ചെയ്ത് നല്ല കുട്ടികളായിട്ടാണ് ക്ലാസിലെത്തുന്നതെന്ന് സാക്ഷരതാ ഇൻസ്ട്രക്ടർ പ്രവീണ പറഞ്ഞു. വായനാശീലം വളർത്തുന്നതിനുള്ള വായനാമുറ്റവും പ്രവീണയുടെ വീട്ടിലാണ് പ്രവർത്തിക്കുന്നത്. സാക്ഷരതാ പ്രവർത്തനം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും പ്രായമായവർ അക്ഷരങ്ങൾ കൂട്ടി വായ്ക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുമെന്നും പ്രവീണ പറഞ്ഞു.