ആലുവ: എൺപത്തെട്ടിന്റെ നിറവിലാണെങ്കിലും കാൽ നൂറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ പഴയ മിലിട്ടറി ഉദ്യോഗസ്ഥൻ ഇന്നലത്തെ പോലെയാണ് ഓർത്തെടുക്കുന്നത്. മഹാരാഷ്ട്രയിലെ ബെൽഗാമിൽ മിലിട്ടറി എൻജിനിയറിംഗ് സർവീസിൽ നിന്നും 1986ൽ വിരമിച്ച് നൊച്ചിമ കോമ്പാറയിലെ വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സാക്ഷരത പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തൈപ്പറമ്പിൽ ടി.സി. ചെറിയാന് അവസരം ലഭിച്ചത്. പിന്നീട് 90 മുതൽ വർഷങ്ങളോളം അക്ഷര വെളിച്ചം പകരാൻ വീടുകൾ കയറിയിറങ്ങി.സാക്ഷരത മിഷന്റെ വാർഡ് കോർഡിനേറ്ററായിരുന്ന ചെറിയാൻ വായനശാകളിലും വീടുകളിലുമെത്തിയാണ് അറിവിന്റെ അക്ഷരം പകർന്ന് നൽകിയത്. മധ്യവയസ്‌കർ മുതൽ വൃദ്ധർ വരെ കുട്ടികളെ പോലെ അച്ചടക്കത്തോടെ ഇരുന്നതാണ് കേരളത്തിൽ 90.92 ശതമാനം സാക്ഷരത കൈവരിക്കാൻ അവസരമൊരുക്കിയതെന്ന് ചെറിയാൻ പറയുന്നു. സംസ്ഥാനത്തെ സമ്പൂർണ സാക്ഷരതയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമായിരുന്നു. ഇതിൽ ജാതിയും മതവും രാഷ്ട്രീയവുമൊന്നും തടസമായില്ല. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന കെ.ആർ. വിശ്വംഭരന്റെ ഇടപെടലുകൾ സാക്ഷരത പ്രവർത്തനത്തിന് ഏറെ സഹായകമായി.
മൂത്തമകൻ സന്തോഷ് ചെറിയാൻ ബിസിനസ് സംബന്ധമായി പെരുമ്പാവൂരിലേക്ക് താമസം മാറ്റിയതിനാൽ താൻ അക്ഷരം പകർന്ന് നൽകിയ ഗ്രാമം വിട്ടതിന്റെ വിഷമവും ചെറിയാനുണ്ട്. ഇളയമകൻ റവ. പ്രെയ്‌സ് തൈപ്പറമ്പിൽ കളമശേരി സി.എസ്.ഐ പള്ളി വികാരിയാണ്. പരേതയായ അമ്മിണിയാണ് ഭാര്യ. ആലപ്പുഴ തലവടി സ്വദേശിയായ ചെറിയാന്റെ പിതാവ് നാഷണൽ ക്വിയ്ലോൺ ബാങ്കിൽ ജോലി ലഭിച്ചതിനെ തുടർന്ന് 1945ലാണ് ആലുവയിലെത്തിയത്. ചെറിയാൻ ആലുവയിലെ പ്രധാന കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.
നൊച്ചിമ വാർഡിൽ മാത്രം 30 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പഠിതാക്കളിൽ കൂടുതലും സ്ത്രീകൾ. അന്ന് തന്നിൽ നിന്നും അക്ഷരം പഠിച്ചവരുടെ മക്കൾ ഇന്നും തന്നെ അദ്ധ്യാപകനായി ബഹുമാനിക്കുന്നത് ഏറെ സന്തോഷം നൽകുന്നുണ്ട്.
ടി.സി.ചെറിയാൻ