കൊച്ചി: മരം ഒരുവരം മാത്രമല്ല, സ്മാരകവുമാണ്. എറണാകുളം ബോട്ടുജെട്ടിയിലെ ടൂറിസം ഇൻഫർമേഷൻ സെന്ററിന്റെ മുറ്റത്ത് വളരുന്ന തേക്കുമരം ജില്ലയെ സമ്പൂർണ സാക്ഷരതയിലേക്ക് നയിച്ച മഹാപ്രതിഭയ്ക്ക് നിത്യസ്മരണയാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ്, എറണാകുളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരജില്ലയായി വാർത്തെടുത്ത കളക്ടർ കെ.ആർ. രാജന്റേതാണ് സ്മാരകം. 1987-91 കാലത്ത് അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റായി ജോലി ചെയ്ത എറണാകുളം സ്വദേശി പി.ജെ. വർഗീസാണ് മേലുദ്യോഗസ്ഥന്റെ സ്മരണക്ക് തേക്കുമരം നട്ടുവളർത്തുന്നത്. കെ.ആർ. രാജൻ എന്ന കളക്ടർ തുടങ്ങിവച്ച നിരവധി പദ്ധതികളും രൂപം നൽകിയ വികസനകാഴ്ചപ്പാടുകളും കൊച്ചിക്ക് മാത്രമല്ല, കേരളത്തിനാകെ അഭിമാനമായെന്നതാണ് ചരിത്രം. അതിൽ പ്രധാനപ്പെട്ടതായിരുന്നു സാക്ഷരതായജ്ഞം.
1990 ഫെബ്രുവരി 4ന് പ്രധാനമന്ത്രി വി.പി. സിംഗാണ് ജില്ലയുടെ സമ്പൂർണസാക്ഷരത പ്രഖ്യാപനവും അക്ഷരകേരളത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചത്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം സമ്പൂർണസാക്ഷരത കൈവരിച്ച് അക്ഷരകേരളം യാഥാർത്ഥ്യമായി. എഴുത്തും വായനയും പഠിപ്പിക്കുന്ന കേവലസാക്ഷരതയും കടന്ന് തുടർവിദ്യാഭ്യാസമെത്തി. അനൗപചാരിക വിദ്യാഭ്യാസം ആജീവാനന്തപ്രക്രിയയുടെ ഭാഗമായി. പഠിക്കാൻ അവസരം കിട്ടാതെ പോയവരെയും ഇടയ്ക്കുവച്ച് പഠനം മുടങ്ങിയവരെയും വിദ്യാസമ്പന്നരാക്കുന്ന തുല്യതപദ്ധതിയും നിലവിൽവന്നു. നാലാം തരവും ഏഴാംതരവും പത്താംതരവും പിന്നിട്ട് ഹയർ സെക്കൻഡറിയിൽ വരെ എത്തിനിൽക്കുന്നു. ഏറ്റവുമൊടുവിൽ തുല്യത പഠിതാക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊക്കി ശ്രീനാരായണഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാലയും പ്രഖ്യാപിക്കപ്പെട്ടു.
ഇതിനെല്ലാം നിമിത്തമായത് മൂന്ന് പതിറ്റാണ്ട് മുമ്പ് കെ.ആർ. രാജൻ തുടങ്ങിവച്ച പ്രവർത്തനമാണ്. ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാഭരണകൂടവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അന്നത്തെ ജനകീയമൂന്നേറ്റം കേരളത്തിനകത്തും പുറത്തും ഏറെ ചലനങ്ങളുണ്ടാക്കി. എങ്കിലും കെ.ആർ. രാജൻ എന്ന മനുഷ്യസ്നേഹിയായ കളക്ടർക്ക് ഉചിതമായ സ്മാരകമില്ലെന്ന തോന്നലിൽ നിന്നാണ് തേക്കുമരം നട്ടുവളർത്താൻ തീരുമാനിച്ചതെന്ന് ജോർജ് പറഞ്ഞു.കെ.ആർ. രാജൻ ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ ബോട്ടുജെട്ടിയിൽ സ്ഥാപിച്ച ടൂറിസം ഇൻഫർമേഷൻ സെന്ററിന്റെ ചുമതലക്കാരനാണ് കെ.ജെ. ജോർജ്. ഇൻഫർമേഷൻ സെന്ററിന് പുറത്ത് ജോർജും സഹപ്രവർത്തകരും ചേർന്ന് നട്ടുനനച്ച് പരിപാലിക്കുന്ന നിരവധി വൃക്ഷങ്ങളിലൊന്നാണ് കെ.ആർ. രാജന് സമർപ്പിച്ചിരിക്കുന്ന തേക്ക്.