shiyas
ചൂർണ്ണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുകാവിൽ റെയിൽവേ തുരങ്കപാതക്ക് മൂന്നര വർഷം മുമ്പ് കല്ലിട്ടെങ്കിലും നിർമ്മാണം നടന്നില്ല. ഇതോടെ പഞ്ചായത്ത് റെയിൽവേക്ക് അടച്ച 1.25 കോടി രൂപ 'ഗോപി'യായി. തുരങ്കപാത നിർമ്മിച്ചില്ലെങ്കിൽ പണം മടക്കി വാങ്ങണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ തുരങ്കപാതയെ ചൊല്ലി ഭരണ - പ്രതിപക്ഷ പോരും രൂക്ഷമായി.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.25 കോടി വേണമെന്നായി റെയിൽവേ. തുടർന്ന് എം.പി, എം.എൽ.എ ഫണ്ടുകൾ കൂടി സമാഹരിച്ച് റെയിൽവേക്ക് 2016ൽ പണമടച്ചു. 2017 ജനുവരി അഞ്ചിന് ഇന്നസെന്റ് എം.പി നിർമ്മാണത്തിന് ശിലയിട്ടു. എന്നാൽ എൻ.എച്ചിൽ നിന്നും അനുമതി വാങ്ങാതെ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എൻ.എച്ചിന്റെ അനുമതി ലഭിച്ചില്ല

കുന്നത്തേരി ഗ്രാമത്തെ ദേശീയപാതയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ അമ്പാട്ടുകാവിൽ റെയിവെ തുരങ്കപാതയെന്ന ആവശ്യമുയർന്നത്. ഇവിടെ റെയിൽവേ പാളത്തിൽ വളവായതിനാൽ പലപ്പോഴും അപകടം നടക്കുന്നതും ചൂണ്ടികാട്ടിയിരുന്നു. റെയിൽവേയുടെ എസ്റ്റിമേറ്റ് പ്രകാരം 13 വർഷം മുമ്പ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ 60 ലക്ഷം രൂപ അടച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് പത്തും ബ്ളോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും കൂടി നൽകി. എന്നാൽ എൻ.എച്ചിന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി യാഥാർത്ഥ്യമായില്ല. ഇതിനിടയിലാണ് മുട്ടം മെട്രോയാർഡിലേക്കുള്ള തുരങ്കപാത തൊട്ടടുത്ത് സ്ഥാപിച്ചത്. തുരങ്കപാത നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്നാണ് എൻ.എച്ചിന്റെ നിലപാട്.

പാതയില്ലെങ്കിൽ പണം വേണം, കോൺഗ്രസ് ധർണ

തുരങ്കപാത നിർമ്മിക്കുന്നില്ലെങ്കിൽ പണം തിരിച്ചുപിടിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൂർണ്ണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, രാജു കുംബ്ലാൻ, ജി. മാധവൻകുട്ടി, നസീർ ചൂർണ്ണിക്കര, സി.പി. നാസർ, കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, കെ.കെ. രാജു, സന്തോഷ് പോട്ടശേരി, ഇ.എം. ഷരീഫ്, ജോഷി മനോഹരൻ, രാജി സന്തോഷ് എന്നിവർ സംസാരിച്ചു.