കിഴക്കമ്പലം: നിലം തൊടാതെ മാഞ്ചേരിക്കുഴിപ്പാലം. പാലം വഴിയുള്ള യാത്ര ഇനിയുമകലെ.പടിഞ്ഞാറെ മോറയ്ക്കാലയിലെ മാഞ്ചേരിക്കുഴിപ്പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം. നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷം പിന്നിടിമ്പോഴും ഒച്ചിഴയും വേഗത്തിലാണ് പണികൾ. കാക്കനാട്, മോറയ്ക്കാല ഭാഗത്തു നിന്നു അപ്രോച്ച് റോഡുകൾ നിലവിലുണ്ട്. മോറയ്ക്കാല ഭാഗത്തു നിന്നുള്ള നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. കടമ്പ്രയാറിനു കുറുകെ മറുകരയായ ഇടച്ചിറയിൽ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. 12 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.തൃക്കാക്കര - കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ പള്ളിക്കരയിൽ നിന്നു കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്താനാകും. കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറയ്ക്കാല വഴിയാണ് എത്തുന്നത്. കിഴക്കൻ മേഖലകളിൽ നിന്ന് ജില്ലാ ആസ്ഥാനത്തേയ്ക്ക് എത്താനുള്ള എളുപ്പ വഴിയുമാണിത്.
പണി തുടങ്ങിയത് 2017 ൽ
2017 ഡിസംബർ 11നാണ് പണി തുടങ്ങിയത്.ഉദ്ഘാടന വേളയിൽ ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു മന്ത്റിയുടെ പ്രഖ്യാപനം. കരാറുകാരന്റെ അനാസ്ഥ മൂലം ഇടയ്ക്ക് വച്ച് പണി മുടങ്ങിയിരുന്നു. എസ്റ്റിമേറ്റ് തുക പുതുക്കണമെന്നായിരുന്നു കരാറുകാരന്റെ ആവശ്യം എന്നാൽ അതംഗീകരിക്കാനാകില്ലെന്ന് എം.എൽ.എ മാരായ വി.പി സജീന്ദ്രനും, പി.ടി തോമസും കർശന നിലപാടെടുത്തതോടെ പണി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാലം നിർമിക്കുന്നത് പള്ളിക്കരയുടെ 'ലങ്ക'യിൽ
പടിഞ്ഞാറെ മോറയ്ക്കാല പ്രദേശത്തെ 'ലങ്ക'യെന്ന വിളിപ്പേരിലാണ് അറിയിപ്പെടുന്നത്. പള്ളിക്കരയിൽ നിന്നു 4 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇവിടേക്ക് ആദ്യകാലങ്ങളിൽ എത്തിപ്പെടുന്നതിന് ഏറെ പ്രയാസമായിരുന്നു. കളിയായി പറഞ്ഞ പേരു പിന്നീട് 'ലങ്ക' എന്നായി മാറുകയായിരുന്നു. മാഞ്ചേരിക്കുഴി പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും.