മുംബയ്: രാജ്യത്തെ കാർഷിക മേഖലയ്ക്ക് നടപ്പുവർഷം നല്ലകാലമെന്ന് റിപ്പോർട്ട്. നല്ല മഴ, മികച്ച വിളവ്, അണക്കെട്ടുകളിൽ നിറയെ വെള്ളം അങ്ങിനെ കാരണങ്ങൾ നിരവധി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനത്തോളം സംഭാവന ചെയ്യുന്ന കാർഷിക മേഖലയുടെ ഉണർവ് കൊവിഡ് കാലത്ത് ഗുണം ചെയ്യുമെന്നാണ് സൂചനകൾ. റേറ്റിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്സിന്റെ സർവേ റിപ്പോർട്ട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.
കാർഷിക നേട്ടം ഗ്രാമീണമേഖലയിൽ വരുമാന വർദ്ധനവ് സൃഷ്ടിക്കുമെന്നുറപ്പാണ്. മഹാമാരി മറ്റ് മേഖലകളിൽ സൃഷ്ടിച്ച മാന്ദ്യം മറികടക്കാൻ ഇത് സഹായകരമാകും. ജി.ഡി.പി വളർച്ചയിൽ എപ്പോഴും 3-4% കാർഷികരംഗം സംഭാവന ചെയ്യുന്നതാണ്.
കനത്ത വിളവുണ്ടാകുമ്പോൾ ഉത്പന്നങ്ങൾക്ക് നല്ല വില കൂടി ലഭിക്കുകയാണെങ്കിൽ കർഷകരുടെ പണം ചെലവഴിക്കൽ ശേഷിയും വർദ്ധിക്കും. ഇത് മാന്ദ്യത്തിലേക്ക് നീങ്ങുന്ന പല മേഖലകളെയും സഹായിക്കും. ഉത്പന്നങ്ങൾക്ക് വിലയിടിവ് സംഭവിക്കാതിരിക്കാൻ സർക്കാർ ഇടപെടലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഉപഭോക്തൃ വസ്തുക്കളും ഗാർഹികോപകരണങ്ങളും ഓട്ടോമൊബൈൽ രംഗവുമെല്ലാം ഏറെ പ്രതീക്ഷയോടെ കർഷകരുടെ വരുമാനത്തെ കാത്തിരിക്കുകയാണ്.
ആറു വർഷത്തിനിടെ ഏറ്റവും നല്ല തെക്കു പടിഞ്ഞാറൻ മൺസൂണാണ് സെപ്തംബർ 2 വരെ ഉണ്ടായത്. സാധാരണയേക്കാൾ 31% അധികം മഴയും ഇക്കുറി ലഭിച്ചു. രാജ്യത്തെ 88% പ്രദേശത്തും പതിവിലധികം മഴയുണ്ടായെന്നും കെയർ റിപ്പോർട്ടിൽ പറയുന്നു.