പറവൂർ: പറവൂർ നഗരസഭയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ ധർണ നടത്തി. രണ്ട് മാസം മുമ്പ് സർക്കാർ നിർദ്ദേശപ്രകാരം മുനിസിപ്പൽ ടൗൺഹാൾ ഇതിനായി ക്രമീകരിക്കാൻ തിരുമാനിച്ചിരുന്നു. വ്യക്തികളും സംഘടനകളും സഹായങ്ങളും, ഇവിടേക്കാവശ്യമായ കട്ടിലും മറ്റ് ഉപകരണങ്ങളും സംഭാവനയായും നൽകി. രോഗബാധിതരെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഇവർക്കാവശ്യമായ ശുചിമുറികളുൾപ്പടെ മതിയായ സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണ്. നഗരസഭ പരിധിയിൽ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് പറയുന്ന അധികൃതരുടെ ഭാഗത്ത് നിന്നു തന്നെയാണ് ഇത്തൊരമൊരു അനാസ്ഥ ഉണ്ടായത്. സെന്ററിന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്നും പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, കൗൺസിലർമാരായ ടി.വി. നിഥിൻ, എസ്. ശ്രീകുമാരി, സി.പി. ജയൻ, കെ. സുധാകരൻ പിള്ള എന്നിവർ ആവശ്യപ്പെട്ടു.
എന്നാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. നേരത്തേ 50 കിടക്കകളാണ് ആരോഗ്യ വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചത്. പിന്നീടാണ് 100 കിടക്കകളായി ഉയർത്തിയത്. സിവിൽ വർക്കുകൾ പൂർത്തിയാക്കാത്തതാണ് സെന്റർറിന്റെ പ്രവർത്തനം ആരംഭിക്കാൻ കാലതാമസമുണ്ടായത്. കൊവിഡ് പ്രതിരോധ രംഗത്ത് നഗരസഭ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. കൃത്യമായ ഇടപെടലിനെ തുടർന്ന് രോഗവ്യാപനം കുറക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.