vk-ibrahimkunj
കുന്നുകര പഞ്ചായത്തിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സീന സന്തോഷ്, സെക്രട്ടറി ജെയിൻ വർഗ്ഗീസ് പാത്താടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. തോമസ്, സി.യു. ജബ്ബാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അജികുമാർ, എം.പി. തോമസ്, പി.എ. കുഞ്ഞുമുഹമ്മദ്, ഡോ. ടിൻറു സാറ രാജു, നോഡൽ ഓഫീസർ പി.എസ് സുനിൽ, സബ് ഇൻസ്‌പെക്ടർ പി.ഡി ബെന്നി തുടങ്ങിയവർ സംസാരിച്ചു.

കുന്നുകര എം.ഇ.എസ് ആർട്‌സ് കോളേജിലാണ് സെന്റർ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ 125 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും സെന്റർ പ്രവർത്തിക്കുന്നതിനായി 54 ഓളം ജീവനക്കാരെയും സജ്ജമാക്കി. ആറ് ഡോക്ടർമാർ, 12 നഴ്‌സുമാർ, 12 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 12 ഹെൽപർമാർ, നാല് ശുചീകരണ തൊഴിലാളികൾ, ആറ് ചാർജ് ഓഫീസർമാർ, രണ്ട് ഡേറ്റ എൻട്രി ഓപറേറ്റർമാർ എന്നിവവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി ആംബുലൻസ് അടക്കം മൂന്ന് വാഹനങ്ങളും ഉണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവരുടെ മാനസിക ഉല്ലാസത്തിനായി ക്യാരംസ്, ചെസ് അടക്കം വിവിധ ഗെയിമുകൾ, ടി.വി, ഇന്റർനെറ്റ് സൗകര്യം, പത്ര മാസികകൾ വായിക്കാനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.