amrutham
അമൃതകുടീരം ഭവന പദ്ധതിയുടെ ശിലാസ്ഥാപനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ അമൃതകുടീരം ഭവന പദ്ധതിയുടെ ശിലാസ്ഥാപനം പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 117 കുടുംബങ്ങൾക്കാണ് വീടു വച്ച് നൽകുന്നത്. ഭൂമിയൊരുക്കുന്നതിനും റോഡു നിർമ്മാണത്തിനുമായി കൊച്ചി റിഫൈനറിയുടെ സഹായത്തോടെ ഒരു കോടി രൂപ ചിലവഴിക്കും. വീടൊന്നിന് നാലു ലക്ഷം രൂപ വീതം ചിലവഴിച്ചാണ് നിർമ്മാണം. കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകളും പഞ്ചായത്ത് ഫണ്ടും ചേർത്താണ് തുക. 2003 ലാണ് ജി.സി.ഡി.എ യുടെ കൈവശമിരുന്ന 3.14 ഏക്കറിൽ അമൃതാനന്ദമയീ മഠം വീടുകൾ നിർമ്മിച്ച് നൽകിയത്. പരിമിതമായ സൗകര്യമുള്ള വീടുകൾ കാല ക്രമേണ നശോന്മുഖമായതോടെയാണ് പഞ്ചായത്ത് പ്രത്യേക പദ്ധതി വിഭാവനം ചെയ്ത് വീടു പണിയുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ പഞ്ചായത്തംഗങ്ങളായ ലീന മാത്യു, കെ.കെ അശോക്കുമാർ, ബീന കുര്യാക്കോസ്, പ്രീതി കൃഷ്ണകുമാർ, മേരി പൗലോസ്, ബ്ളോക്ക് പഞ്ചായത്തംഗം ഗീത സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി സി മണികണ്ഠൻ, ലൈഫ് മിഷൻ ജില്ല കോ ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, അസിസ്റ്റന്റ് എൻജിനീയർ ടി.പി ജോമോൻ തുടങ്ങിയവർ സംബന്ധിച്ചു.