കൊച്ചി: കുട്ടമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സൗകര്യം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഒരുക്കണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിലെ 17 കോളനികളിലെ 1300 വീടുകളിലായി 4300 ഓളം ആദിവാസികളാണ് താമസിക്കുന്നത്. കിടത്തിചികിത്സ ആരംഭിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മുൻ എം.എൽ.എ ടി.യു. കുരുവിളയുടെ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് കിടത്തിചികിത്സാസൗകര്യം ഒരുക്കിയെങ്കിലും സർക്കാരിന്റെ അനുമതി ലഭിച്ചില്ലെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . പിന്നീട് ആന്റണി ജോൺ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ഐ.പി ബ്ളോക്ക് നിർമ്മിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് 25 കിലോമീറ്റർ അകലെയാണ് കോതമംഗലം താലൂക്ക് ആശുപത്രി. അടിയന്തരചികിത്സ ആവശ്യമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള രോഗികളെ ഇത്രയും ദൂരെ എത്തിക്കാൻ പ്രയാസമായതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആളുകൾ അഭയം തേടുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ കിടത്തി ചികിത്സ ആരംഭിക്കാമെന്നും ഇതിനുള്ള ഫണ്ട് അനുവദിക്കാമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രദേശവാസിയായ സിജുമോൻ ഫ്രാൻസിസാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്.