lory
എടയാർ വ്യവസായ മേഖലയിൽ രാത്രി മാലിന്യം തള്ളിയ വാഹനം ബിനാനിപുരം പൊലീസ് പിടികൂടി മാറ്റിയപ്പോൾ

ആലുവ: എടയാർ വ്യവസായ മേഖലയിൽ രാത്രിയിൽ ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ട് വന്ന് തള്ളിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായി. പള്ളുരുത്തി സ്വദേശികളായ ടാങ്കർ ഡ്രൈവർ നൗഷാദ് സഹായി സുജിത് എന്നിവരെയാണ് ബിനാനിപുരം ഇൻസ്പക്ടർ വി.ആർ. സുനിൽ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.

എടയാറിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ ശാലയിലെ മാലിന്യമാണ് രാത്രിയിൽ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് വ്യവസായ മേഖലയിലെ വിവിധ കമ്പനികളുടെ പരിസരത്ത് സ്ഥിരമായി തള്ളുന്നത്. ഇക്കഴിഞ്ഞ 31ന് രാത്രി മാലിന്യം സിൽവർ സ്ട്രീംപോളിമേഴ്‌സ് എന്ന കമ്പനിക്ക് സമീപം തള്ളുകയായിരുന്നു. സമീപത്തെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് വാഹനവും പ്രതികളും അറസ്റ്റിലാകാൻ ഇടയായത്. മത്സ്യ സംസ്കരണ ശാലയിലെ മാലിന്യം ടാങ്കറിൽ കയറ്റി വ്യവസായ മേഖലയിൽ തള്ളുന്നത് പതിവായിരുന്നു. ഇതോടെ മാലിന്യ നിർമാർജ്ജന സംവിധാനങ്ങളോടുകൂടി പ്രവർത്തിക്കുന്ന കമ്പനികളും സംശയത്തിന്റെ നിഴലിലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തിൽ വിട്ടു. വാഹനം കോടതിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.